ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ജര്‍ബോം ഗാംലിന്‍ ചുമതലയേറ്റു. ദോര്‍ജി ഖണ്ഡു മന്ത്രിസഭയിലെ ഊര്‍ജ, പാര്‍ലമെന്ററി കാര്യമന്ത്രിയായ ഗാംലിന്‍ ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഇന്നലെ രാത്രി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജെ.ജെ.സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നബാം തുകി ഉള്‍പ്പടെ സംസ്ഥാന നേതൃത്വത്തിലെ നാലു പേരുകളാണ് മുഖ്യമന്ത്രികപദത്തിലേക്ക് ഉയര്‍ന്നു വന്നത്. മന്ത്രിസഭയിലെ ആറുപേരാണ് ഗാംലിന്റെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരുമായി സംസാരിച്ചശേഷമാണ് ഗാംലിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.