ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ പുതിയ മേധാവി ആരാണെന്നത് അടുത്ത മാസത്തോടെ വ്യക്തമാകും. നിലവിലെ മേധാവി എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ പിന്‍ഗാമിയെയാകും ഏപ്രില്‍ 14,15 തീയതികളില്‍ ചേരുന്ന പ്രത്യേക സമിതി തീരുമാനിക്കുക.

മൂര്‍ത്തിയുടെ പിന്‍ഗാമിയായി മലയാളിയായ ക്രിസ് ഗോപാലകൃഷ്ണന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇന്‍ഫോസിസിന്റെ എം.ഡിയും സി.ഇ.ഒയുമാണ് ക്രിസ്്.

അതിനിടെ ഇന്ത്യക്കാരനല്ലാത്ത ഉദ്യോഗസ്ഥന്‍ ഇന്‍ഫോസിസിന്റെ തലപ്പത്ത് എത്തിയേക്കുമെന്നും സൂചനയുണ്ട്്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു അധികാരകൈമാറ്റത്തിന് സാധ്യതയുണ്ടെന്ന് ബി.എന്‍.പി പാരിബസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ ഇന്‍ഫോസിസ് കണ്‍സല്‍ട്ടിംഗ് സി.ഇ.ഒ സ്റ്റീവ് പ്രാറ്റിനായിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. കമ്പനിയുടെ രൂപീകരണം മുതലുള്ള ചരിത്രമായിരിക്കും ഇന്ത്യക്കാരനല്ലാത്ത സി.ഇ.ഒ എത്തുന്നതോടെ തിരുത്തിക്കുറിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.