hakkimullah-mehsud

ഇസ്ലാമാബാദ്: പാക്കിസ്ഥാനി താലിബാന് പുതിയ മേധാവി. സജ്‌ന എന്ന ഖാന്‍ സയ്യിദ് മെഹ്‌സൂദാണ് പുതിയ തലവന്‍.

കഴിഞ്ഞ ദിവസം വടക്കന്‍ വസീരിസ്ഥാനില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ തലവനായിരുന്ന ഹക്കീമുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്.

പാക്കിസ്ഥാനി തെഹ്‌രിക്-ഇ-താലിബാന്റെ കൗണ്‍സില്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന്് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അജ്ഞാതകേന്ദ്രത്തില്‍ വെച്ച് നടത്തിയ യോഗത്തില്‍ കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു.

പങ്കെടുത്ത 43 അംഗങ്ങളും സജ്‌നയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്ന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചി നേവല്‍ ബേസില്‍ നടന്ന ആക്രമണത്തില്‍ മുപ്പത്തെട്ടുകാരനായ സജ്‌നയ്ക്ക് പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.

2012-ല്‍ ബന്നുവിലെ ജയിലില്‍ ആക്രമണം നടത്തി 400 തടവുകാരെ മോചിപ്പിച്ചതിന്റെ സൂത്രധാരനും ഇയാളാണെന്ന്ാണ് നിഗമനം. ‘സജ്‌നയ്ക്ക് ഔദ്യോഗികമായോ മതപരമായോ യാതൊരു അടിസ്ഥാന വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല.

എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പോരാട്ടം നയിച്ചതിന്റെ അനുഭവസമ്പത്ത് വേണ്ടുവോളമുണ്ട്.’ താലിബാന്‍ പറയുന്നു. തെക്കന്‍ വസീരിസ്ഥാനിലെ താലിബാന്റെ തലവനാണ് സജ്‌ന.

സജ്‌നയെ കൂടാതെ ഉമര്‍ ഖാലിദ് ഖുര്‍സാനി, മുല്ല ഫസലുള്ള. ഗാലിബ് മെഹ്‌സൂദ് എന്നവരെ കൂടി നേതൃസ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. ഹക്കീമുള്ളയുടെ കീഴില്‍ ആക്രമണങ്ങള്‍ നയിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് ഖാലിദ് ഖുര്‍സാനി.

സ്വാത് താലിബാന്റെ നേതാവായ മുല്ല ഫസലുള്ള നിലവില്‍ അഫ്ഗാനിസ്ഥാനിലാണുള്ളത് എന്നത് തടസ്സമായി. വടക്കന്‍ വസീരിസ്ഥാനില്‍ കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഹക്കീമുള്ള മെഹ്‌സൂദിനെ കൂടാതെ അഞ്ച് താലിബാന്‍ കമാന്‍ഡര്‍മാര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

പ്രദേശത്തെ അജ്ഞാതസ്ഥലങ്ങളില്‍ ശനിയാഴ്ച തന്നെ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നു. തങ്ങളുടെ തേതാവിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് താലിബാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് അവര്‍ ആരോപിക്കുന്നു.

‘ഞങ്ങളുടെ പ്രതികാരം മുന്‍പെങ്ങും നടക്കാത്ത തരത്തിലുള്ളതായിരിക്കും.’ വടക്കന്‍ വസീരിസ്ഥാനിലെ താലിബാന്‍ നേതാവായ അബു ഒമര്‍ പറഞ്ഞതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് അബു ഒമര്‍ ആരോപിക്കുന്നു.

‘ഞങ്ങളുടെ ശത്രു ആരാണെന്ന് ഞങ്ങള്‍ക്കറിയാം’ അബു പ്രതികരിക്കുന്നു. ഹക്കീമുള്ള മെഹ്‌സൂദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

‘എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.’ സര്‍ക്കാര്‍ വക്താവായ ഒമര്‍ ഹമീദ് ഖാന്‍ പറയുന്നു. ഇസ്ലാമാബാദിന് പുറമെ രാജ്യത്തൊട്ടാകെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. തെരുവുകളില്‍ ധാരാളം പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ഹക്കീമുള്ള മെഹ്‌സൂദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും താലിബാനുമായി നടത്താനിരുന്ന സമാധാന ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയിലായി.താലിബാന്റെ പ്രതിജ്ഞ രക്തച്ചൊരിച്ചിലിലേ അവസാനിക്കൂ എന്ന ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഇതുവരെ പാക്കിസ്ഥാനില്‍ നടന്ന താലിബാന്‍ ബന്ധമുള്ള ക്രമണങ്ങളില്‍ കുറഞ്ഞത് 7000 സുരക്ഷാ ഉദ്യോഗസ്ഥരും 40,000-ല്‍ അധികം സാധാരണജനങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഈ അക്രമപരമ്പരയ്ക്ക് അറുതി വരുത്താനായി സമാധാനചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ഈ ആക്രമണം. താലിബാന്റെ ഏറ്റവും താഴെതട്ടില്‍ നിന്നാണ് ഹക്കീമുള്ള പ്രവര്‍ത്തനമാരംഭിച്ചത്.

പിന്നീട് അന്നത്തെ തലവനായിരുന്ന ബെയ്ത്തുള്ള മെഹ്‌സൂദിന്റെ അടുത്ത അനുയായിയായി. ഖൈബര്‍, ഖുറാം, ഒറാക്‌സായി മേഖലകളിലെ തലവനായി. നാറ്റോ സപ്ലൈ കണ്ടെയ്‌നറുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഹക്കീമുള്ളയായിരുന്നു.

2009 ഓഗസ്റ്റില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ബെയ്ത്തുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാംണ് ഹക്കീമുള്ള താലിബാന്റെ തലവനായത്. തുടര്‍ന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആ കൊലപാതകത്തിന് ഹക്കീമുള്ള പ്രതികാരം ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ പട്ടാള ആസ്ഥാനത്തെ ഇരുപത് മണിക്കൂര്‍ ഉപരോധിച്ചു കൊണ്ട് ആക്രമണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടു.

കുട്ടിത്തം വിട്ടുമാറാത്ത മുഖഭാവങ്ങളുള്ള ഹക്കീമുള്ളയുടെ രൃപക്കല്‍ എപ്പോഴും എ.കെ-47 തോക്കും ഉണ്ടായിരുന്നു. ഹക്കീമുള്ളയുടെ തലയ്ക്ക് അഞ്ച് മില്യണ്‍ ഡോളറായിരുന്നു വിലയിട്ടിരുന്നത്.