കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് പുതിയ കുറ്റപത്രം നല്‍കും.

നേരത്തെ നല്‍കിയ കുറ്റപത്രം അപൂര്‍ണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപാകത നീക്കി പുതിയ കുറ്റപത്രം നല്‍കാന്‍ ജസ്റ്റിസുമാരായ എ.ക്യൂ.ബര്‍ക്കത്തലി, രാംകുമാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചത്. പൊതുനിരത്തില്‍ യോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ജയരാജന്റെ പരാമര്‍ശം.

Subscribe Us:

ജയരാജന് നല്‍കിയ കുറ്റപത്രത്തില്‍ സമയമോ, സ്ഥലമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിമാരെ ‘ശുംഭന്മാര്‍’ എന്ന് ജയരാജന്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.

തുടര്‍ന്ന് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജയരാജനെതിരായ കേസ് തുടരാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.