കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.ഐ.എം നേതാവ് എം.വി. ജയരാജന് ഹൈക്കോടതി പുതിയ കുറ്റപത്രം നല്‍കി. ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ കോടതിയലക്ഷ്യത്തിനാസ്പദമായ പ്രസംഗത്തിന്റെ തീയതിയോ സമയമോ രേഖപ്പെടുത്തിയിരുന്നില്ല. തുടര്‍ന്നാണ് പുതിയ കുറ്റപത്രം നല്‍കാന്‍ കോടതി തീരുമാനിച്ചത്.

എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കുറ്റപത്രം ഏറ്റുവാങ്ങാനെത്തിയ ജയരാജന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടിക ഹാജരാക്കി. കേസിന്റെ വിചാരണ ഈ മാസം 16 ന് ആരംഭിക്കും.

ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടരുന്ന കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ജയരാജന്റെ ഹരജി സുപ്രിം കോടതിയും തള്ളിയിരുന്നു. ഒരു പൊതുയോഗത്തില്‍ വെച്ച് ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചതിനാണ് ജയരാജനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.