എഡിറ്റര്‍
എഡിറ്റര്‍
ലോകനിലവാരമുള്ള വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രാപ്തി കേരളത്തിനുണ്ട്: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 16th January 2014 12:47am

ummen-sad

തിരുവനന്തപുരം:  ഒരു മാസത്തിനകം സംസ്ഥാനത്തെ എല്ലാ കോളേജുകളും സ്റ്റാര്‍ട്ട് അപ് ബൂട്ട് ക്യാമ്പുകള്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സംസ്ഥാന വ്യാപകമായി കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പ് ക്ലബ്ബുകള്‍ തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സ്‌കൈപ്പിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യുവസംരംഭകര്‍ ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഓരോ മാസവും നൂറുപേരെങ്കിലും സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാന്‍ അപേക്ഷ നല്‍കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തര കേരളം എല്ലാ മേഖലയിലും മുന്നേറ്റം നടത്തിയെങ്കിലും ഒരു മികച്ച സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനായില്ല. ഇരുമ്പയിര്, സിമന്റ്, സ്റ്റീല്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന വന്‍കിട വ്യവസായങ്ങളായിരുന്നു ഇതിനാവശ്യം.

എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യയും അത് ലഭ്യമാക്കുന്ന മനുഷ്യവിഭവവുമാണ് വ്യവസായ വളര്‍ച്ചയ്ക്കാവശ്യം.

ചരിത്രത്തിലാദ്യമായി നാട്ടില്‍ തന്നെ ലോകനിലവാരമുള്ള വ്യവസായങ്ങള്‍ തുടങ്ങാനും തൊഴിലും അറിവും സമ്പത്തും സമൂഹത്തില്‍ സൃഷ്ടിക്കാനുമുള്ള അസംസ്‌കൃത വസ്തു കേരളത്തിന് ഇന്നുണ്ട്.

സാങ്കേതിക വിദ്യാവിപ്ലവത്തില്‍ ലോകത്തെ നയിക്കുവാന്‍ കേരളത്തിന് ലഭിച്ച ഈ അവസരം 14-ാം നൂറ്റാണ്ടിലെ കണ്ടെത്തലിനു സമാനമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ക്ക് ശക്തിപകരുകയും അവയെ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതുതായി തുടക്കംകുറിക്കുന്ന സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പുകള്‍ ഇതിന് സഹായകമാകും.

സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ഥികളുടെ സംരംഭകത്വത്തിന് അനുകൂലമാക്കാന്‍ ഇന്ത്യയിലാദ്യമായി വിദ്യാര്‍ഥി സംരംഭകത്വ നയം കൊണ്ടുവരികയും അധ്യയനത്തിന്റെ 20 ശതമാനം സമയം സ്വയംസംരഭക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഐറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement