തിരുവനന്തപുരം: ജൂണ്‍ 24ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ അന്വേഷണത്തില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വോട്ട് ഓണ്‍ അക്കൗണ്ട് നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നും തദ്ദേശവകുപ്പ് വിഭജനം ഭരണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.തദ്ദേശവകുപ്പ് വിഭജനത്തിന്റെ ഏകോപനത്തിനായി സബ് കമ്മറ്റികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടുവിന് ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതുവരെ ബദല്‍സ്‌കൂളുകള്‍ തുടരും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി മന്ത്രിതല ഉപസമിതികള്‍ രൂപീകരിക്കും. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടും നല്‍കാനും തീരുമാനമായി. ഇവര്‍ക്കുള്ള പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

വകുപ്പ് വിഭജനം ഭരണത്തെ ബാധിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അഡീ.അഡ്വക്കേറ്റ് ജനറലായി ഐപ്പിനെ നിയമിച്ചതുമായി ഉയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞു. മന്ത്രിസഭാ വിഭജനത്തില്‍ പരിമിതികളുണ്ടെന്നും എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടില്ലെന്നത് അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.