ന്യൂദല്‍ഹി: പ്രവാസിഭാരതീയ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍കൂടി കണക്കിലെടുത്ത് പുതിയ കുടിയേറ്റ ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വലയാര്‍ രവി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന ഗള്‍ഫ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രാഷ്ട്രങ്ങളിലെ സ്ഥാനപതിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത കുടിയേറ്റബില്‍ തടയാന്‍ നടപടി ശക്തമാക്കു, സന്ദര്‍ശക വിസയിലെ സ്‌പോണ്‍സര്‍ഷിപ് ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളും കണക്കിലെടുത്താണ് കുടിയേറ്റബില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത്. ഇന്ത്യയുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന എല്ലാ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് നടപ്പാക്കുമെന്നും വലയാര്‍ രവി അറിയിച്ചു.

അടിയന്തരഘട്ടങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കും. നിലവില്‍ 48 രാഷട്രങ്ങളില്‍ ക്ഷേമഫണ്ട് നിലവിലുണ്ടെന്നും പണമില്ലാത്തതിന്റെ പേരില്‍ ആരും ബുദ്ധിമുട്ടാതിരിക്കാനുമാണ് ഫണ്ട് വ്യാപിപ്പിക്കുന്നതെന്നും രവി വ്യക്തമാക്കി.