കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

അന്വേഷണസംഘത്തലവന്‍ സ്വകാര്യ ആവശ്യത്തിന് അവധിയില്‍ പ്രവേശിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കാര്യക്ഷമമായി തന്നെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.

Subscribe Us:

പോലീസിന്റെ അന്വേഷണം നേരായ രീതിയിലാണ് പോകുന്നത്. പിന്നെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. അന്വേഷണത്തെ ഭയക്കുന്നത് കൊണ്ടാണ് അത്.

നിയമം കൈയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അന്വേഷണത്തില്‍ കണ്ടെത്തുന്ന കുറ്റവാളികള്‍ ആരായാലും അവരെ അറസ്റ്റ് ചെയ്യും- മുല്ലപ്പള്ളി വ്യക്തമാക്കി.

പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് മടിക്കില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു.