വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസുള്‍പ്പെടെ ഇന്ത്യയിലെ പല ഭീകരാക്രമണക്കേസുകളിലും ഉള്‍പ്പെട്ട ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യക്ക് കൈമാറില്ലെന്ന് യു.എസ്.

Ads By Google

വിഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ സംവിധാനങ്ങളിലൂടെ നിയമവ്യവസ്ഥയുമായി സഹകരിക്കാന്‍ ഹെഡ്‌ലി തയ്യാറാണെന്നും ഇത്തരം അനുകൂല സാഹചര്യങ്ങളില്‍  ഹെഡ്‌ലിയെ ഇന്ത്യയ്ക്കു കൈമാറാന്‍ പദ്ധതിയില്ലെന്നും ഷിക്കാഗോ കോടതിയിലാണ് യുഎസ് അറ്റോര്‍ണി ഗാരി എസ്. ഷാപിറോ അറിയിച്ചത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ സ്‌ഫോടനങ്ങളില്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. 2011 ഡിസംബര്‍ 24ന് ആണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.

ഹെഡ്‌ലിക്കു പുറമേ, സഹായി തഹാവുര്‍ റാണ, ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദ്, പാക്ക് സൈനിക ഓഫിസര്‍മാരായ മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍ അലി, അല്‍ഖായിദ ഭീകരന്‍ ഇല്യാസ് കശ്മീരി, ഹെഡ്‌ലിയുടെ സഹായി സജിദ് മാലിക്, പാക്ക് മുന്‍ സൈനിക ഓഫിസര്‍ അബ്ദുല്‍ റഹ്മാന്‍ ഹാഷ്മി, സാകിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്.

ഹെഡ്‌ലിക്കും റാണയ്ക്കുമെതിരെ 2009 നവംബര്‍ 12ന് എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണപദ്ധതികളില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണെന്നു പിന്നീടു വ്യക്തമായതോടെ ഏഴുപേരെക്കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.

2009 ഒക്‌ടോബറില്‍ പിടിയിലായതിന് തൊട്ടടുത്ത ദിവസം മുതല്‍ അന്വേഷണസംഘവുമായി ഹെഡ്‌ലി സഹകരിക്കുന്നുണ്ട്. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകളാണ് തഹാവൂര്‍ റാണ അടക്കമുള്ളവരുടെ ഭീകരബന്ധത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സഹായകരമായതെന്നും അമേരിക്ക പറയുന്നു.

30 മുതല്‍ 35 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതിയില്‍ ഹെഡ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്.