ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ദയാഹരജി രാഷ്ട്രപതി സ്വീകരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. [innerad]

ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെയാണ് രാജ്യസഭയില്‍ വെച്ചത്. ദയാഹരജി ലഭിച്ചാല്‍ മൂന്നു മാസത്തിനകം രാഷ്ട്രപതി തീരുമാനമെടുക്കണം.

ഹരജി സ്വീകരിച്ച് വധശിക്ഷ ഇളവ് ചെയ്യുകയാണെങ്കില്‍ അതിനുള്ള കാരണം രാഷ്ട്രപതി വെളിപ്പെടുത്തണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരിക്കെ വധശിക്ഷ ഇളവ് ചെയ്തവരില്‍ നാലുപേര്‍ ബലാത്സംഗക്കേസിലെ പ്രതികളായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയതെന്ന പാര്‍ലമെന്ററി സമിതിയുടെ ചോദ്യത്തിന് മറുപടി നല്‍കഗാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിരുന്നില്ലയ.

ഇതേതുടര്‍ന്നാണ്  ദയാഹരജി സ്വീകരിച്ച് വധശിക്ഷ ഇളവ് ചെയ്യുകയാണെങ്കില്‍  കാരണം  വെളിപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു.

ബലാത്സംഗക്കേസുകളില്‍ ഇര കൊല്ലപ്പെടുകയോ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവിധം അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദിഷ്ട ക്രിമിനല്‍ ഭേദഗതി നിയമത്തിലെ വ്യവസ്ഥയോട് കമ്മിറ്റി യോജിച്ചു.

അതേസമയം, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുട്ടികളുടെ പ്രായപൂര്‍ത്തി കണക്കാക്കുന്ന ജുവനൈല്‍ പ്രായം 18ല്‍നിന്ന് കുറക്കണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

കമ്മിറ്റി അംഗങ്ങളില്‍ ഭിന്നാഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയതെന്ന്  വെങ്കയ്യ നായിഡു പറഞ്ഞു.  കീഴുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ബലാത്സംഗ സംഭവങ്ങള്‍ അറിഞ്ഞിട്ടും ഉടന്‍ നടപടിയെടുക്കാത്ത  മേലുദ്യോഗസ്ഥര്‍ക്കെതിരെയും  കുറ്റം ചുമത്തി വിചാരണ നടത്തണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്യുന്നു.