തൃശ്ശൂര്‍: റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് അഭിഭാഷകന്‍ സി.പി ഉദയഭാനു. ആദ്യത്തെ നാലു പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഉദയഭാനു പറഞ്ഞു. ചോദ്യം ചെയ്യലനിടെയാണ് ഉദയഭാനു നിലപാട് ആവര്‍ത്തിച്ചത്.

‘പ്രതിയായ ചക്കര ജോണിക്ക് നിയമോപദേശം നല്‍കുകയാണ് താന്‍ ചെയ്തത്. അവര്‍ക്കുവേണ്ടി കേസുകള്‍ നടത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളില്‍ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്. അതിനുവേണ്ടി രാജീവിനെ ബന്ദിയാക്കാന്‍ തന്റെ കക്ഷിയായ ജോണിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കൊല്ലരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു’.


Also Read: ‘കോണ്‍ഗ്രസ് പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നില്ല’; പടയൊരുക്കം ജാഥയിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് ഷബ്‌നം ഹാഷ്മി, വീഡിയോ


ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഇന്നലെയാണ് ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിന് അടുത്തുള്ള സഹോദരന്റെ വീട്ടില്‍ നിന്നുമായിരുന്നു അറസ്റ്റ്.

112 ചോദ്യങ്ങളുടെ പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്. ഉച്ച തിരിഞ്ഞ് വൈദ്യ പരിശോധനക്ക് ശേഷം ഉദയഭാനുവിനെ ചാലക്കുടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

സെപ്തംബര്‍ 29നാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.