ന്യൂദല്‍ഹി: ലണ്ടനിലെ വാതുവെപ്പുകാരന്‍ മഷര്‍ മജീദിനെ പരിചയമില്ലെന്നും അദ്ദേഹത്തെ തങ്ങള്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്നും ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും . മജീദുമായി തങ്ങള്‍ക്ക് യാതൊരുവിധ പരിചയമോ ഇടപാടുകളോ ഇല്ലെന്നും ഇരുവരും വ്യക്തമാക്കി.

തനിക്ക് ഹര്‍ഭജന്‍സിങ്, യുവരാജ്‌സിങ് എന്നിവരുമായി വളരെ അടുത്ത പരിചയമുണ്ടെന്ന് മഷര്‍ മജീദ് പറഞ്ഞതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മജീദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്ന് പാക് താരങ്ങള്‍ക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരിന്നു. പാക് താരങ്ങളുടെ വിചാരണയ്ക്കിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തായത്. മജീദിന്റെ ഇന്ത്യന്‍ താരങ്ങള്‍ക്ക്് മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയിരുന്നു.

മജീദിനെ എനിക്കറിയില്ലെന്നും ഒരിക്കല്‍പ്പോലും കണ്ടിട്ടുമില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം അസത്യപ്രചരണങ്ങള്‍ നടത്തിയതിനെതിരെ നിയമനടപടി കൈക്കൊള്ളും ഹര്‍ഭജന്‍സിങ് പറഞ്ഞു. സംഭവം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും നാഗ്പുരില്‍ മാധ്യമപ്രവര്‍ത്തകരോടായി ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു.

ആരാണ് ഈ മജീദ് എന്നാണ് യുവരാജ്‌സിങ് ട്വിറ്ററിലൂടെ ചോദിച്ചത്. തികച്ചും അവാസ്തവമാണ് അയാളുടെ വെളിപ്പെടുത്ത്‌ലെന്നും ഒരിക്കലും ഇങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്നും യുവരാജ് പറഞ്ഞു.