ന്യൂദല്‍ഹി: പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ചട്ടങ്ങളില്‍ ഫെബ്രുവരി 12ന് മാറ്റം വരുത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.

Ads By Google

മദ്യനയം ഹൈക്കോടതി റദ്ദാക്കിയതിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കവെയാണ്, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വ്യവസ്ഥകളോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നയം റദ്ദാക്കിയിരുന്നത്.

ഹരജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് 19 ലേക്ക് മാറ്റി.

അതേസമയം നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കേണ്ടതുള്ളൂ എന്ന സര്‍ക്കാര്‍ നയമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.

ബാറുകളുടെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അബ്കാരി നിയമ ഭേദഗതി അശാസ്ത്രീയമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

നേരത്തെ മദ്യനയം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. വ്യവസ്ഥകള്‍ റദ്ദാക്കിയ വിധി ചോദ്യം ചെയ്യാത്തതിനെതിരെയാണ് കോടതിയുടെ പരാമര്‍ശം.

ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മൂന്ന് ആഴ്ചക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

2012 2013 വര്‍ഷത്തില്‍ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ എന്നതായിരുന്നു മദ്യനയത്തിലെ ഭേദഗതി.

2013ല്‍ ഇത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ചുരുക്കും. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലും മുന്‍സിപാലിറ്റികളില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും മാത്രമേ പുതിയ ബാറുകള്‍ അനുവദിക്കൂ എന്നും ഭേദഗതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു.