എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
എഡിറ്റര്‍
Thursday 13th July 2017 3:23pm

തിരുവനന്തപുരം: ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ടു. ഇത് സംബന്ധിച്ച്, പ്രസ്സ് കൗണ്‍സില്‍ , നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റി, എഡിറ്റേഴ്‌സ് ഗില്‍ഡ് തുടങ്ങി നിരവധി ഏജന്‍സികള്‍ പലകാലങ്ങളായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച ഒരു ഡ്രാഫ്റ്റ് കൂട്ടായ്മ സര്‍ക്കാരിന് സമര്‍പ്പിച്ചു.

അതിക്രമത്തിനിരയാവുന്ന സ്ത്രീയുടെ സ്വഭാവഹത്യ നടത്തുക , സ്വകാര്യത ലംഘിക്കുക, കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവ തടയണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കൊച്ചിയില്‍ സിനിമാ നടിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട തീര്‍ത്തും അനാവശ്യമായ വിവരണങ്ങളടങ്ങിയ ഒരു വാര്‍ത്ത സംപ്രേഷണം ചെയ്ത് പിന്നീട് അത് ചര്‍ച്ചയാക്കിമാറ്റിയത് പരാതിക്കാരിയുടെ സ്വകാര്യതക്കു മേലുള്ള അതി ക്രൂരമായ കടന്നുകയറ്റമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്റെ നഗ്‌നമായ ലംഘനമായിരുന്നു അത്.

ഇതിനകം തന്നെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗിക അതിക്രമ കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതക്കുറവിലേക്ക് എന്‍ ഡബ്ലിയൂ എം ഐ അംഗങ്ങള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

നിലവിലുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍ പറത്തിയാണ് ലൈംഗിക അതിക്രമ കേസുകളിലെ റിപ്പോര്‍ട്ടിങ്ങ് കേരളത്തിലെ പല മാധ്യമങ്ങളും നടത്തുന്നത്. പത്ര, ദൃശ്യ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ മിക്ക സന്ദര്‍ഭങ്ങളിലും ഈ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

Advertisement