Categories

നെഞ്ചില്‍ തീയുമായി ക്വാര്‍ട്ടറില്‍

ന്യൂദല്‍ഹി: ക്വാര്‍ട്ടറിലെത്തി എന്നത് ശരിതന്നെ, എന്നാല്‍ ഈ പ്രകടനവുമായി പോവുകയാണെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ക്വാര്‍ട്ടറില്‍ തീരുമെന്നത് വ്യക്തമാക്കുന്നതാണെന്നായിരുന്നു ഹോളണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനം. അഞ്ചുവിക്കറ്റിന്റെ ജയം നേടിയെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ഇനിയും ഏറേ മെച്ചപ്പെടണമെന്നത് വ്യക്തമാക്കുന്നതായിരുന്നു പ്രകടനം. സ്‌കോര്‍. ഹോളണ്ട് 189, ഇന്ത്യ 5/ 191. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മികച്ച പ്രകടനം നടത്തിയ യുവരാജാണ് കളിയിലെ കേമന്‍.

ടോസ് നേടിയ ഹോളണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വളരെ പതുക്കെ തുടങ്ങിയ ഓറഞ്ചുപട വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ് വരെ സ്‌കോര്‍ എത്തിച്ചു. എന്നാല്‍ സ്പിന്നര്‍മാര്‍ വന്നതോടെ കളി മാറി. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ ഹോളണ്ട് പ്രതിരോധത്തിലായി. ഒടുവില്‍ 46.4 ഓവറില്‍ 189 ന് ഓറഞ്ച് പോരാട്ടം അവസാനിച്ചു. ഇന്ത്യക്കായി സഹീര്‍ മൂന്നും യുവരാജ്, പീയുഷ് ചൗള എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ വേഗതയേറിയ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. കളി എത്രയും വേഗം തീര്‍ക്കണമെന്ന നിശ്ചയത്തിലായിരുന്നു സച്ചിനും സെവാഗും. എന്നാല്‍ അമിത ആത്മവിശ്വാസം താരങ്ങള്‍ക്ക് വിനയാകുകയായിരുന്നു. സ്പിന്നര്‍ സീലര്‍ ബൗള്‍ചെയ്യാനെത്തിയതോടെ കളിയുടെ ഗതി മാറാന്‍ തുടങ്ങി. സച്ചിനെയും (27), സെവാഗിനേയും (39), യൂസഫ് പഠാനേയും (11) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ ഗംഭീറും കോഹ് ലിയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഗംഭീറും (28) കോഹ് ലിയും(12) പുറത്തായതോടെ ഒത്തുചേര്‍ന്ന യുവരാജും (50*) ധോണിയും (19) ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകകപ്പില്‍ 2000 റണ്‍സ് തികച്ച മത്സരമായിരുന്നു ഇത്. നെതര്‍ലന്റ്‌സിനെതിരെ 18ാം റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് സച്ചിന്‍ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് സച്ചിന്‍.

വിജയിച്ചെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ഏറെ ആശങ്കപ്രകടമായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനാകാത്തത് പ്രശ്‌നമായി നില്‍ക്കുന്നുണ്ട്. അലസതയും അമിതവിശ്വാസവും ടീമിനെ ബാധിച്ചോ എന്ന സംശയവും ബലപ്പെട്ടുവരുന്നു. ഫീല്‍ഡിംഹഗും ബൗളിംഗും ബാറ്റിംഗും മെച്ചപ്പെടുത്തിയില്ലെങ്കില്‍ ധോണിയുടെ ചെകുത്താന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ നന്നേ വിഷമിക്കേണ്ടിവരും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.