എഡിറ്റര്‍
എഡിറ്റര്‍
അല്‍ അഖ്‌സയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കി: അല്‍ജസീറയെ ഇസ്രഈലില്‍ നിന്നും നാടുകടത്തുമെന്ന ഭീഷണിയുമായി നെതന്യാഹു
എഡിറ്റര്‍
Thursday 27th July 2017 11:40am

ജറുസലേം: അല്‍ജസീറ ചാനലിന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേം സംഘര്‍ഷവുമായിബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് നെതന്യാഹുവിന്റെ ഭീഷണി.

പ്രദേശത്തെ ജനങ്ങളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ജസീറ നല്‍കുന്നു എന്നും നെതന്യാഹു ആരോപിക്കുന്നു. അല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനെതിരെ ഫലസ്തീനികള്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യങ്ങള്‍ അല്‍ജസീറയുള്‍പ്പെടെയുള്ള ചാനലുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലിനെ ഭീഷണിപ്പെടുത്തി നെതന്യാഹു രംഗത്തുവന്നിരിക്കുന്നത്.


Must Read: ”ഞാന്‍ കാശുണ്ടാക്കിയത് പണിയെടുത്ത്, കറവക്കാരന്റെ മകനായ കോടിയെരിക്ക് ഈ സമ്പത്ത് എവിടുന്നുണ്ടായി”; കോടിയെരിയെ അധിഷേപിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍


‘അല്‍ജസീറ നെറ്റുവര്‍ക്ക് അല്‍അഖ്‌സ പ്രദേശത്ത് സംഘര്‍ഷം ആളിക്കത്തിക്കുന്നത് തുടരുകയാണ്.’ നെതന്യാഹു തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നു.

‘ജറുസലേമിലെ അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഞാന്‍ നിരവധി തവണ ലോ എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റികളോട് സംസാരിച്ചിരുന്നു. നിയമപരമായ കുടുക്കുകള്‍ കൊണ്ടാണ് ഇതു നടക്കാത്തതെങ്കില്‍ അല്‍ജസീറയെ ഇസ്രഈലില്‍ നിന്നു പുറത്താക്കാന്‍ ആവശ്യമായ നിയമം ഞാന്‍ കൊണ്ടുവരും.’ നെതന്യാഹു പറഞ്ഞു.

സംഭവത്തില്‍ അല്‍ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് വിലക്കിക്കൊണ്ടുള്ള ഇസ്രായേല്‍ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പള്ളിയുടെ മുമ്പില്‍ ഇസ്രഈല്‍ സ്ഥാപിച്ച മെറ്റല്‍ ഡിക്ടറ്ററുകള്‍ മാറ്റുന്നത് വരെ ഇസ്രയേലുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും മരവിപ്പിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഉത്തരവിടുകയും ചെയ്തിരുന്നു.

അല്‍ അഖ്‌സയെ ഇസ്രായേല്‍ പരമാധികാരത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാക്കാനാണു ശ്രമമെന്ന് ഫലസ്തീന്‍ ആരോപിക്കുകയും ചെയ്തിരുന്നു. കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ കൈയേറ്റത്തിന്റെ ഭാഗമായാണ് അഖ്‌സയിലെ നിയന്ത്രണങ്ങള്‍. കുറുക്കുവഴികളിലൂടെ അഖ്‌സയുടെ നിയന്ത്രണം കൈക്കലാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നും ഫലസ്തീന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement