വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗം സമാധാനം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്ന് ഫലസ്തീന്‍ വക്താവ് നബീല്‍ അബു റുദേന്യ . നെതന്യാഹു സമാധാനത്തിന് എറ്റവും വലിയ തടസ്സങ്ങളാണുണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘സമാധാനം പുനസ്ഥാപിക്കാനായി ഇസ്രായേല്‍ വേദനാജനകമായ ഒത്തുതീര്‍പ്പിന് തയ്യാറാകുകയാണെന്ന്’ ഇന്നലെ നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പ്രസംഗിച്ചിരുന്നു. 1967ലെ അതിര്‍ത്തികള്‍ പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശത്തെ നിരാകരിച്ചുകോണ്ട് സംസാരിക്കുകയായിരുന്നു നെതന്യാഹു.

ഫലസ്തീന് ഇസ്രായേലിന്റെ കൈവശമുള്ള ഒരുഭാഗം വിട്ടുനല്‍കാമെന്നും ഫലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് ജൂതരാഷ്ട്രത്തിന്റെ നിലനില്‍പ്പ് അംഗീകരിക്കാന്‍ തയ്യാറാകണമെന്നും തന്റെ പ്രഭാഷണത്തില്‍ നെതന്യാഹു വ്യക്തമാക്കി. അതേസമയം വെസ്റ്റ് ബാങ്ക് പോലുള്ള പ്രദേശങ്ങള്‍ അവകാശപ്പെടാന്‍ ഇസ്രായേലിന് അവകാശമില്ലെന്ന ഫലസ്തീന്റെ വാദത്തെ അദ്ദേഹം നിരാകരിച്ചു.