കൊച്ചി: നെല്ലിയാമ്പതി എസ്റ്റേറ്റ് വന ഭൂമിയാക്കാന്‍ ശ്രമം നടക്കുന്നതായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇതിനായി പലരും തമിഴ്‌നാടില്‍ നിന്നും പണം വാങ്ങിയതായും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരും ചില സിനിമാക്കാരും ഇത്തരത്തില്‍ തമിഴ്‌നാടില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പണം വാങ്ങിയവരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പി.സി. ജോര്‍ജ്  കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റ് കൃഷിഭൂമി തന്നെയാണെന്നും പി.സി. ജോര്‍ജ്  അവകാശപ്പെട്ടു. സര്‍വേയിങ്‌ ജനറല്‍ ഓഫ് ഇന്ത്യയുടെ രേഖകളില്‍ ഈ സ്ഥലത്ത് റബ്ബര്‍ കൃഷിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

റബര്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ രേഖയില്‍ 1933 മുതല്‍ ഇവിടെ റബ്ബര്‍ കൃഷിയുണ്ടായിരുന്നെന്ന് രേഖകളുടെ പകര്‍പ്പുകളും ചെറുനെല്ലി എസ്‌റ്റേറ്റ് ഭാഗങ്ങളാക്കി കൈമാറ്റം ചെയ്തതില്‍ തെറ്റില്ലെന്ന് കാണിച്ച് 1992 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും പി.സി. ജോര്‍ജ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.

ചെറുനെല്ലി എസ്‌റ്റേറ്റിനുവേണ്ടി മാത്രമാണ് താന്‍ കത്തുനല്‍കിയതെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫ്. എം.എല്‍.എമാരുടെവാദം തെറ്റാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. നെല്ലിയാമ്പതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഗണേഷ്‌കുമാറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.