തെഹ്‌റാന്‍: അമേരിക്കയുടെ എതിര്‍പ്പിന്റെയും ഇസ്രായേലിന്റെ ഭീഷണിയ്ക്കുമിടയില്‍ ഇറാന്‍ ആണവ നേട്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു. ഇതിനൊപ്പം തന്നെ യു.എന്നില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് യൂറോപ്യന്‍ യൂണിയന് ഇറാന്‍ കത്തയച്ചിട്ടുമുണ്ട്. ചര്‍്ച്ചകള്‍ക്ക് തങ്ങള്‍ ഒരുക്കമാണെന്നും എന്നാല്‍ തങ്ങങ്ങളുടെ ആണവ അവകാശങ്ങള്‍ ഭീഷണിയിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നുമുള്ള പ്രഖ്യാപനവുമാണ് ഇന്നത്തെ സംഭവ വികാസങ്ങലിലൂടെ ഇറാന്‍ നടത്തിയത്.

ദേശീയ ചാനലായ പ്രസ് ടിവിയില്‍ തത്സമയ സംപ്രേഷണം നടത്തിയാണ് പ്രസിഡന്റ് അഹമ്മദി നെജാദ് രാജ്യത്തിന്റെ ആണവ ശക്തിയെക്കുറിച്ച് വിശദീകരിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡുകളും പുതിയ സെന്‍ട്രിഫ്യൂജുകളും ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളും പുറത്തുവിട്ട ശേഷമായിരുന്നു അഹമ്മദി നെജാദ് ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

ഇന്ന് വൈകീട്ടാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇറാന്റെ പ്രഖ്യാപനമുണ്ടായത്. ആണവ ഊര്‍്ജ്ജ മേഖലയിലെ വികസനത്തിനും ആണവ ബോംബ് നിര്‍മ്മാണത്തിനും ആവശ്യമായ നാലാം തലമുറ സെന്‍ട്രി ഫ്യൂഗുകള്‍ വികസിപ്പിച്ചെടുത്തതായി ഇറാന്‍ പ്രഖ്യാപിച്ചു. സമാധാന പരമായ ആണ പരിപാടികള്‍ തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി.

‘ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അണുബോംബുകള്‍ നിര്‍മ്മിക്കുകയും അതിന്റെ കെടുതികള്‍ അനുഭവിക്കുകയും ചെയ്യുകയാണ്. ഇറാനെ എതിര്‍ക്കുന്നവര്‍ ദുര്‍ബലരാണ്. അമേരിക്ക പൊതുവില്‍ കരുതുന്ന പോലെ ശക്തരല്ല. ആണവ ബോംബ് നിര്‍മ്മിക്കലല്ല, അമേരിക്കയെ പാഠം പഠിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യം’- നെജാദ് വ്യക്തമാക്കി.

ഇസ്രായേല്‍ സ്വന്തം നിലയില്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം സി.ഐ.എ തലവന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ദില്ലിയിലും ജോര്‍ജ്ജിയയിലുമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ ആരോപിക്കുകയുമുണ്ടായി. എന്നാല്‍ തങ്ങളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കി പ്രതിരോധമുയര്‍ത്തുകയാണ് ഇറാന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതേസമയം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചതിലൂടെ അത്തരത്തിലുള്ള വാതിലും ഇറാന്‍ തുറന്നിടുകയാണ്.

അതിനിടെ ആറ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ധനവിതരണം നിര്‍ത്തിവെക്കാനും ഇറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്ധനവിതരണം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Malayalam news,Kerala news in English