ശാസ്ത്രം


വളരെ പ്രക്ഷുബ്ദവും സാഹസികവുമായ ഒരു ജീവിതം അരങ്ങൊഴിഞ്ഞിരിക്കുന്നു, ഇക്കഴിഞ്ഞ 25-ാം തീയ്യതി.   കേവലം 43 വര്‍ഷങ്ങള്‍ക്കു മുമ്പ്, അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ നിന്ന് ചന്ദ്രോപരിതലത്തെ മനുഷ്യന്റെ കാല്‍ പാദങ്ങള്‍ ആദ്യമായി ചുംബിച്ചതുമുതല്‍ ശാസ്ത്രലോകം ഈ ജിവിതത്തിന് ഒരു പേര് നല്‍കി,  first moon walker.. ആദ്യ ചാന്ദ്ര സഞ്ചാരി..

Ads By Google

ഈ വാക്ക് ജനകീയമാക്കിയത് പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സണും. ഇന്നദ്ദേഹവും നമ്മോടൊപ്പമില്ല.

ചന്ദ്രന്റെ പ്രതലത്തിന് മനുഷ്യമണം ആദ്യമായി പകര്‍ന്നു നല്‍കിക്കൊണ്ട് നീല്‍ വിളിച്ചു പറഞ്ഞു, ‘മനുഷ്യന്റെ ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിയുടെ ഒരു കുതിച്ചു ചാട്ടം.’ ഇങ്ങ് ഭൂലോകത്തെ മുഴുവന്‍ മനുഷ്യരെയും കോരിത്തരിപ്പിച്ച വാക്കുകള്‍..

1969 ജൂലൈയില്‍ കൊളിന്‍സിനും ആല്‍ഡ്രിനും ഒപ്പം ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ അദ്ദേഹത്തിന് വയസ് 39. അമേരിക്കയുടെ ഒരു വലിയ ദൗത്യമായിരുന്നു അദ്ദേഹം ഏറ്റെടുത്തിരുന്നത്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം നടക്കുന്ന കാലം. സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിന്‍ ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ വ്യക്തി എന്ന ബഹുമതിക്കര്‍ഹനായി കഴിഞ്ഞിരുന്നു. ശീതയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ നേട്ടത്തെ മുറിച്ചു കടക്കേണ്ടത് അമേരിക്കക്ക് അത്യാവശ്യമായിരിക്കുന്ന സമയത്താണ് ചാന്ദ്ര പര്യവേഷണം ആംസ്‌ട്രോങ്ങും കൂട്ടരും നടത്തിയത്.

രണ്ടാം ലോക യുദ്ധം കഴിഞ്ഞയുടനെയാണ് ആംസ്‌ട്രോങ് തന്റെ വ്യോമയാ സേവനങ്ങള്‍ക്ക് തുടക്കമിടുന്നത്. പിന്നീട് വ്യോമസേനയിലെ വിവിധ മേഖലകളിലായി സേവനം. വിവിധ ഫ്‌ളൈറ്റുകള്‍ അദ്ദേഹത്തിന്റെ കൈകള്‍ക്കു വഴങ്ങി. 1958ലായിരുന്നു നീല്‍  ബഹിരാകാശ ദൗത്യത്തിലേയ്ക്ക് അടുക്കുന്നത്. 1963ല്‍ നാസയുടെ അസ്‌ട്രോനോട്ട് കോപ്‌സിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ബഹിരാകാശ പര്യവേഷകര്‍ തങ്ങളെ ഹീറോകളെന്ന് വിളിക്കുന്നത് ഇഷ്ടപ്പെടാറില്ല. കാരണം ഒട്ടനവധിപേരുടെ വിജയമാണ് തങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നത് എന്നവര്‍ക്കറിയാം. 1966ല്‍ അമേരിക്കക്ക് സ്വന്തം ബജറ്റിന്റെ 4.4 ശതമാനത്തോളമാണ് ഇത്തരത്തിലുള്ള പര്യവേഷണങ്ങള്‍ക്കായി ചിലവാക്കേണ്ടി വന്നത്.

എന്നാല്‍ ആംസ്‌ട്രോങ്ങിന്റെ കാര്യത്തില്‍ ഇത് സാധ്യമായില്ല. ആംസ്‌ട്രോങ് അക്ഷരാര്‍ത്ഥത്തില്‍ ഹീറോ ആവുകയായിരുന്നു. അപ്പോളോ 11 ദൗത്യത്തിലൂടെ. ദൗത്യം പൂര്‍ത്തിയാക്കി തിരികെ ഭൂമിയിലെത്തിയപ്പോള്‍ അവരെ  വരവേല്‍ക്കാന്‍ ഒരു വന്‍ ജനാവലി തന്നെയുണ്ടായിരുന്നു. ഭൂമിക്ക് പുറത്തെ ഒരു ലോകത്തില്‍ നടന്ന ആദ്യവ്യക്തിയെ കാണാന്‍ മോഹിച്ച്… ഒരുപാട് സ്‌കൂളുകള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക്, റോഡുകള്‍ക്ക്, നിരത്തുകള്‍ക്കൊക്കെ  നീല്‍ ആംസ്‌ട്രോങ് എന്ന പേരു വീണു. ‘ദൈവ കാരുണ്യം കൊണ്ട് എനിക്ക് ഭയം ഇഷ്ടമല്ല..’ സ്‌ട്രോങ് ഒരിക്കല്‍ പറഞ്ഞു.

മറ്റുള്ള ബഹിരാകാശ സഞ്ചാരികളില്‍ നിന്നും വ്യത്യസ്തനായി നീല്‍ ആംസ്‌ട്രോങ് റിട്ടയര്‍മെന്റ് വാങ്ങുകയായിരുന്നു. പില്‍ക്കാല ജീവിതം എഞ്ചിനീയറിങ്ങ് പഠിപ്പിക്കാനായി ചിലവഴിച്ചു. ചരിത്രത്തിലെ ഒരു താളാണ് ഇപ്പോള്‍ മറിഞ്ഞിരിക്കുന്നത്.. മറയാത്ത ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ അപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കും…