എഡിറ്റര്‍
എഡിറ്റര്‍
ക്യു.എന്‍.എ വെബ്‌സൈറ്റ് തകര്‍ത്തതിനു പിന്നില്‍ ഉപരോധ രാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് ഖത്തര്‍
എഡിറ്റര്‍
Thursday 22nd June 2017 10:35am

ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെയും സര്‍ക്കാറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്തതിനു പിന്നില്‍ ഉപരോധം ഏര്‍പ്പെടുത്തിയ അയല്‍രാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് ഖത്തര്‍. ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെതാഇസ് അല്‍ മാരി ദോഹയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അയല്‍രാജ്യങ്ങള്‍ എന്ന വാക്കാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രാജ്യങ്ങളുടെ പേരുപരാമര്‍ശിച്ചിട്ടില്ല.

‘നമുക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഐഫോണുകള്‍ വഴിയാണ് ഈ ഹാക്കിങ് നടന്നത് എന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഈ രാജ്യങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടാനാവശ്യമായ തെളിവുകള്‍ നമുക്കുണ്ട്.’ മാരി പറഞ്ഞു.

ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനുശേഷം ഖത്തര്‍ ഭരണാധികാരി ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍ താനിയുടേതെന്ന തരത്തില്‍ ക്യു.എന്‍.എയില്‍ വന്ന പ്രസ്താവന ഹാക്കര്‍മാരുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനി ‘ഇസ്‌ലാമിക ശക്തി’ എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു അല്‍ താനിയുടേതെന്ന തരത്തില്‍ വന്ന പ്രസ്താവന. ഇറാനെ തീവ്രവാദത്തിന്റെ പ്രധാന സ്പോണ്‍സറായി പ്രഖ്യാപിക്കുന്നതിലൂടെ ഇറാന്‍ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ട്രംപും സല്‍മാന്‍ രാജാവുമെന്നും അദ്ദേഹം പറഞ്ഞതായി വെബ്‌സൈറ്റില്‍ വന്നിരുന്നു.


Must Read: ഖത്തറിനെതിരായ ഉപരോധത്തില്‍ നിഗൂഢതയുണ്ട്; സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്ന് യു.എസ് 


ഇത് ഏറെ വിവാദമായപ്പോള്‍ തന്നെ സംഭവത്തിനു പിന്നില്‍ ഹാക്കര്‍മാരാണെന്ന ആരോപണവുമായി ഖത്തര്‍ രംഗത്തുവന്നിരുന്നു.

ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്തതിനു പിന്നിലുള്ളവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഖത്തറി അന്വേഷസംഘമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement