ആലപ്പുഴ: നെഹ്‌റു ട്രോഫി ഫൈനലില്‍ കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ തുഴക്കരുത്തില്‍ ദേവാസ് ചുണ്ടന്‍ ജേതാവായി. ദേവാസ് ചുണ്ടന്‍ 1250 മീറ്റര്‍ ജലദൂരം നാലുമിനിറ്റും 37.36 സെക്കന്‍ഡും കൊണ്ട് മറികടന്നാണ് 59 ാമത് നെഹ്‌റു ട്രോഫി വിജയിച്ചത്. ഫോട്ടോഫിനിഷില്‍ കൈനകരി ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ രണ്ടാമതായി. യു.ബി.സി. കൈനകരിയുടെ മുട്ടേല്‍ കൈനകരി മൂന്നാമതെത്തി. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടനാണ് നാലാംസ്ഥാനം. കാരിച്ചാല്‍ നാലുമിനിറ്റും 37.67 സെക്കന്‍ഡുകൊണ്ടും മുട്ടേല്‍ കൈനകരി നാലുമിനിറ്റും 37.91 സെക്കന്‍ഡും എടുത്താണ് ഫിനിഷ് ചെയ്തത്. പായിപ്പാട് ചുണ്ടന്‍ നാലുമിനിറ്റും 54.27 സെക്കന്‍ഡുമെടുത്തു.

വനിതകളുടെ തെക്കനോടി വിഭാഗത്തില്‍ ആലപ്പുഴ പുന്നമട വേമ്പനാട് വനിതാബോട്ട് ക്ലബ്ബിന്റെ ദേവസ് ഹാട്രിക് വിജയം നേടി. ചുണ്ടന്‍വള്ളത്തിന്റെയും ഓടിവള്ളത്തിന്റെയും ഉടമ തൃക്കുന്നപ്പുഴ ദേവസില്‍ കലാധരന് ഇത് ഇരട്ടിമധുരമായി. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ജലോല്‍സവം ഉദ്ഘാടനം ചെയ്തു. ഡോ.ടി.എം. തോമസ് ഐസക് എം.എല്‍.എ. പതാകയുയര്‍ത്തി. ചലച്ചിത്ര താരം മമ്മൂട്ടി അതിഥിയായിരുന്നു. വിജയികള്‍ക്ക് കേന്ദ്ര ഉര്‍ജ്ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ സമ്മാനദാനം നടത്തി.