ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ സംഘാടനത്തില്‍ പിഴവുണ്ടായിരുന്നെന്ന ആരോപണവുമായി ടീമുകള്‍ പരസ്യമായി രംഗത്ത്. പായിപ്പാട്, കാരിച്ചാല്‍, മുട്ടേല്‍, എന്നീ ടീമുകളാണ് കഴിഞ്ഞ ദിവസം നടന്ന വള്ളംകളിയുടെ സംഘാടനത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ വള്ളംകളിയുടെ സംഘാടനത്തില്‍ പിഴവുകളുണ്ടായിരുന്നെന്നും അടുത്ത വര്‍ഷം മത്സരത്തിനില്ലെന്നും ടീമുകള്‍ വ്യക്തമാക്കി. ഫൈനലിലെത്തിയ ടീമുകളാണ് ഇവ മൂന്നും.

വള്ളംകളിയുടെ മത്സരനിബന്ധനകള്‍ പാലിക്കാതെയാണ് ഒന്നാം സമ്മാനം നേടിയ ദേവാസ് ചുണ്ടന്‍ മത്സരത്തില്‍ പങ്കെടുത്തത്. പ്രധാനമായും മൂന്ന് നിബന്ധനകളാണ് വള്ളംകളിയുടെ നിയമാവലിയിലുള്ളത്. ഇതില്‍ മൂന്നാമതായ് പറയുന്ന മത്സരാര്‍ത്ഥികള്‍ യൂണിഫോം ധരിക്കണമെന്ന നിയമം പാലിക്കാതെയാണ് ദേവാസ് ചുണ്ടനിലെ മത്സരാര്‍ത്ഥികള്‍ വള്ളംകളിയില്‍ പങ്കെടുത്തത്. ഇങ്ങനെ നിയമാവലി ലംഘിച്ചവരെയാണ് ജേതാക്കളായി പ്രഖ്യാപിച്ചതെന്ന് ടീമുകള്‍ പറയുന്നു. ഫലപ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടീമുകള്‍ അറിയിച്ചിരുന്നു. ഇവരുടെ സമ്മാനത്തുക മരവിപ്പിക്കണമെന്നും കോടതിയോട് ആവശ്യപ്പെടുമെന്ന് മുട്ടേല്‍ ചുണ്ടന്‍ ടീം വ്യക്തമാക്കി.