എഡിറ്റര്‍
എഡിറ്റര്‍
പാമ്പാടി നെഹ്‌റുവില്‍ വിദ്യാര്‍ഥികളുടെ സമരം വിജയിച്ചു; 17ന് ക്ലാസ് തുടങ്ങും
എഡിറ്റര്‍
Wednesday 15th February 2017 1:28pm

പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള പാമ്പാടി നെഹ്‌റു കോളജിലെയും ലക്കിടി ജവഹര്‍ കോളേജിലേയും വിദ്യാര്‍ത്ഥി സമരം വിജയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച 14 ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അംഗീകരിച്ചു.

പാമ്പാടി കോളെജിലെ പ്രശ്‌നങ്ങള്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലും ലക്കിടി ജവഹര്‍ കോളെജിലെ പ്രശ്‌നങ്ങള്‍ പാലക്കാട് കളക്ടറുടെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കളക്ടര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളോട് അറിയിച്ചിട്ടുണ്ട്. 15 അംഗ സ്റ്റുഡന്റ്‌സ് കമ്മിറ്റി രൂപീകരിക്കും. കൂടാതെ പിടിഎ സെല്ലും പരാതി സെല്ലും രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു.

കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി, മാനെജ്‌മെന്റ്, വിദ്യാര്‍ത്ഥി, രക്ഷകര്‍തൃ പ്രതിനിധികള്‍ എന്നിവരാണ് പങ്കെടുത്തത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒളിവിലായതിനാല്‍ മാനെജ്‌മെന്റ് പ്രതിനിധികളായി പ്രിന്‍സിപ്പല്‍ സുകുമാരന്‍, മെക്കാനിക്കല്‍ ഹെഡ് ജേക്കബ് ജോര്‍ജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരളി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Advertisement