എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റു കോളേജ് ; പി. കൃഷ്ണദാസ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
എഡിറ്റര്‍
Friday 17th February 2017 10:29am

കൊച്ചി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം.

നെഹ്‌റു കോളേജ് വിഷയവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം വേണം എന്ന് പറഞ്ഞാണ് കൃഷ്ണദാസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

ഹരജി പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ കോളേജ് ചെയര്‍മാനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പിലിനെ മാത്രമാണ് ചര്‍ച്ചയക്ക് വിളിച്ചതെന്നും കളക്ടര്‍ പറഞ്ഞു.

അഞ്ച് ദിവസത്തേക്കായിരുന്നു കൃഷ്ണ കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. കേസ് ഇനി വരുന്ന 21ന് വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന കാര്യം അന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞിരുന്നു. കൃഷ്ണകുമാറിനെ വരുന്ന അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.


Dont Miss സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ ചത്ത എലി : 9 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ 


കൃഷ്ണദാസിനു പുറമേ, പാമ്പാടി നെഹ്രു എന്‍ജിനിയറിങ് കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.
എന്‍.കെ. ശക്തിവേല്‍, കോളജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, അദ്ധ്യാപകന്‍ സി.പി. പ്രവീണ്‍, ദിപിന്‍ എന്നിങ്ങനെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍. കൃഷ്ണദാസ് ഒഴികെയുള്ള നാലുപേരും ഇപ്പോഴും ഒളിവിലാണ്. പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതും.

പരീക്ഷയില്‍ ജിഷ്ണു കോപ്പിയടിച്ചെന്ന കള്ളക്കഥ ചെയര്‍മാന്റെ നിര്‍ദേശ പ്രകാരമാണ് മറ്റുനാല് പ്രതികള്‍ കൂടി നടപ്പിലാക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യര്‍ത്ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതാണ് ജിഷ്ണുവിനെ കൃഷ്ണദാസിന്റെ നോട്ടപുള്ളിയാക്കിയതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം.

പീഡനത്തിന് നേതൃത്വം നല്‍കിയത് പി. കൃഷ്ണദാസ്, പ്രൊഫസര്‍ എന്‍.കെ. ശക്തിവേല്‍, സഞ്ജിത്ത് വിശ്വനാഥന്‍ എന്നിങ്ങനെ മൂന്നുപേരാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണു മരിച്ചുകിടന്ന മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന രക്തക്കറ ജിഷ്ണുവിന്റേതാണോ എന്ന് വ്യക്തമല്ല. രക്തക്കറയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. ഇതിനായി സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ജിഷ്ണു കോപ്പിയടിച്ചെന്നത് മാനേജ്മെന്റ് കെട്ടിച്ചമച്ച സംഭവമാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

Advertisement