എഡിറ്റര്‍
എഡിറ്റര്‍
സര്‍ദാര്‍ വല്ലഭായി പട്ടേലിനെ നെഹ്‌റു വര്‍ഗീയവാദിയെന്ന് വിളിച്ചിരുന്നു: എല്‍.കെ അഡ്വാനി
എഡിറ്റര്‍
Tuesday 5th November 2013 5:39pm

l.k-adwani

ന്യൂദല്‍ഹി:  സര്‍ദാര്‍ വല്ലഭായി പട്ടേലിനെ നെഹ്‌റു വര്‍ഗീയവാദിയെന്ന് വിളിച്ചിരുന്നുവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനി.

എം.കെ.കെ നായരുടെ ‘ദ സ്റ്റോറി ഓഫ് ആന്‍ ഇറ ടോള്‍ഡ് വിതൗട്ട് ഇല്‍ വില്‍’ എന്ന പുസ്തകം ഉദ്ദരിച്ചാണ് അഡ്വാനി ഇക്കാര്യം പറഞ്ഞത്.

ഹൈദരാബാദിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനം കാണാന്‍ സേനയെ അയക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞ പട്ടേലിനെതിരെ നെഹ്‌റു അസാധാരണമാം വിധം കയര്‍ത്തുവെന്നും ‘നിങ്ങള്‍ ഒരു വര്‍ഗീയ വാദിയാണെന്ന്’ പറഞ്ഞുവെന്നും അഡ്വാനി പറഞ്ഞു.

സാധാരണ ഗതിയില്‍ നെഹ്‌റു ശബ്ദമുയര്‍ത്തി സംസാരിക്കാറില്ല. എന്നാല്‍ പട്ടേലിന്റെ ഈ നിര്‍ദേശം നെഹ്‌റുവിനെ രോഷാകുലനാക്കി. അഡ്വാനി കൂട്ടിച്ചേര്‍ത്തു.

ഇതോടെ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഹിന്ദുത്വ വാദിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂടുകയാണ്. സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്തിന്റെ ഭാവി തന്നെ മറ്റൊന്നാകുമായിരുന്നു എന്ന് മോഡി മുമ്പ് പറഞ്ഞിരുന്നു.

സര്‍ദാര്‍ പട്ടേലിന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി മന്‍മനോഹന്‍സിങ്ങിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ഈ പരാമര്‍ശം.

സര്‍ദാര്‍ പട്ടേല്‍ മതനിരപേക്ഷത പുലര്‍ത്തിയ മികച്ചൊരു ജനപ്രതിനിധി ആയിരുന്നുവെന്ന് പ്രധാനമന്ത്രി ഉടന്‍ തന്നെ മറുപടിയും നല്‍കിയിരുന്നു.

Advertisement