എഡിറ്റര്‍
എഡിറ്റര്‍
‘തീരുമാനം എന്റേത് മാത്രമാണ്; എന്തിന് മതിയാക്കുന്നു എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ നിര്‍ത്തണം’; വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് നെഹ്‌റ, വീഡിയോ കാണാം
എഡിറ്റര്‍
Thursday 12th October 2017 6:25pm

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായ ആശിഷ് നെഹ്‌റ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ഓസീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്. തുടര്‍ന്ന് താരമിന്ന് വിരമിക്കല്‍ പ്രഖാപിച്ചത്.

‘തീരുമാനം എന്റേതു മാത്രമാണ്. നവംബര്‍ ഒന്നിന് ദല്‍ഹിയിലായിരിക്കും അവസാന മത്സരം. ഹോം ഗ്രൗണ്ടില്‍ നിന്നും തന്നെ കളിയവസാനിപ്പിക്കുന്നതിനേക്കാള്‍ വലുതായി എനിക്ക് ഒന്നുമില്ല. പരമ്പരയ്ക്കായുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ വിരാടിനോടും രവിശാസത്രിയോടും ഞാന്‍ പറഞ്ഞിരുന്നു ഭുവിയും ബുംറയും നന്നായി കളിക്കുന്നുണ്ട്, എനിക്ക് പോകാന്‍ സമയമായെന്ന്.’ വിരമിക്കല്‍ പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തില്‍ നെഹ്‌റ പറഞ്ഞു.

‘കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുമ്പോഴല്ല വിരമിക്കേണ്ടത്. മറിച്ച് നിങ്ങള്‍ വിരമിക്കുന്ന കാര്യം പറയുമ്പോള്‍ എന്തിനു വിരമിക്കുന്നുവെന്ന് ആളുകള്‍ ചോദിക്കണം. അതാണ് കളി മതിയാക്കാനുള്ള കൃത്യമായ സമയവും.’ നെഹ്‌റ പറയുന്നു.

മുമ്പെടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തിയ നെഹ്‌റ വരാനിരിക്കുന്ന ഐ.പി.എല്ലിലും കളിക്കില്ലെന്ന് അറിയിച്ചു. തീരുമാനമെടുത്താല്‍ പിന്നെ തിരിച്ചു പോക്കില്ലെന്നും താരം പറയുന്നു. വിരമിക്കാനുള്ള തീരൂമാനം ബി.സി.സി.ഐയേയും അറിയിച്ചിട്ടുണ്ട്.

അതേസമയം, കളിക്കളത്തിനോട് വിട പറയുന്ന താരത്തെ തേടി ഐ.പി.എല്‍ ടീമുകളടക്കം പരിശീക സ്ഥാനം വാഗ്ദാനം നല്‍കി രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement