എഡിറ്റര്‍
എഡിറ്റര്‍
നീറ്റ് ; സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ദുശാസനന്‍മാരാണൊ പരിശോധന നടത്തുന്നതെന്ന് ചെന്നിത്തല; നടപടി ഉറപ്പെന്ന് പിണറായി
എഡിറ്റര്‍
Tuesday 9th May 2017 12:27pm

തിരുവനന്തപുരം: സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ദുശാസനന്‍മാരാണൊ നീറ്റ് പരീക്ഷയില്‍ പരിശോധന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിനികളോടു ചെയ്തത് അപരിഷ്‌കൃതവും ക്രൂരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡ്രസ്‌കോഡ് വിദ്യാര്‍ഥികള്‍ക്ക് മാനസികസമ്മര്‍ദമുണ്ടാക്കിയെന്ന് കേന്ദ്രത്തെ അറിയിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷന്മണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും പിണറായി നിയമസഭയില്‍ അറിയിച്ചു. സഭ ഒറ്റക്കെട്ടായി സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു.

അതേസമയം പരീക്ഷ നടത്തിപ്പുകാര്‍ക്കെതിരെ സി.ബി.എസ്.സിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കണ്ണൂരിലെ രക്ഷിതാക്കള്‍. പയ്യന്നൂരിലെ സ്‌കൂളില്‍ പരീക്ഷക്കെത്തിയ പെണ്‍കുട്ടികളെയാണ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചത്.

എന്നാല്‍ പരീക്ഷനടത്തിപ്പിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് അധികൃതരുടെ വിശദീകരണം. കണ്ണൂര്‍ ആര്‍മി സ്‌കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.


Dont Miss കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി; ജൂലൈ 10ന് ഹാജരാവാന്‍ ഉത്തരവ്


പയ്യന്നൂരില്‍ പരീക്ഷക്കെത്തിയ മകളുടെ ജീന്‍സിന്റെ ബട്ടണ്‍ മാറ്റിപ്പിക്കുകയും പിന്നീട് ജീന്‍സ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.ജീന്‍സില്‍ മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരീക്ഷക്ക് തൊട്ടുമുമ്പ് വസ്ത്രം മാറ്റാന്‍ വിദ്യാര്‍ഥിനികളോടെ ആവശ്യപ്പെട്ടത്

പയ്യന്നൂര്‍ സെന്ററില്‍ പരീക്ഷക്കെത്തിയ ചിലവിദ്യാര്‍ഥിനികളുടെ ബ്രാ വരെ അഴിപ്പിച്ചതായും പരാതിയുണ്ട്. പരിശോധനക്കിടെ അടിവസ്ത്രത്തില്‍ നിന്ന് മെറ്റല്‍ കൊണ്ടുള്ള ക്ലിപ്പുകള്‍ കണ്ടെത്തിയതോടെ അടിവസ്ത്രം അമ്മയെ ഏല്‍പ്പിച്ച് ഒരു കുട്ടിക്ക് പരീക്ഷക്കിരിക്കേണ്ടി വന്നു. കരഞ്ഞ് മാനസീകമായി തളര്‍ന്നാണ് പല കുട്ടികളും പരീക്ഷ എഴുതിയത്.

Advertisement