neera radia statement against sarad pawar in spectrumന്യുദല്‍ഹി: കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ നടത്തിയ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ കേന്ദ്രമന്ത്രി ശരത് പവാറിനെ വെട്ടിലാക്കുന്നതാണെന്ന് സൂചന. സ്‌പെക്ട്രം കേസില്‍ സംശയമുനയിലായ ഡി.ബി റിയലിറ്റിയെ നിയന്ത്രിക്കുന്നത് ശരത് പവാറായിരിക്കാമെന്നാണ് റാഡിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്.

സ്‌പെക്ട്രം ലൈസന്‍സ് വിതരണം ചെയ്യുന്നതില്‍ പവാര്‍ രാജയെ സ്വാധീനിച്ചിട്ടുണ്ടായിരിക്കാമെന്നും എന്നാല്‍ ഇതിന് തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും റാഡിയ സി.ബി.ഐയോട് വ്യക്തമാക്കിയിട്ടുണ്ട്. ഡി.ബി റിയല്‍റ്റിയിലെ ഉദ്യോഗസ്ഥരായ ഷഹീദ് ബല്‍വ, വിനോദ് ഗോയെങ്ക എന്നിവരുമായി ശരത് പവാര്‍ നിരന്തരബന്ധം പുലര്‍ത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സ്വാന്‍ ടെലികോം, അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയ്ക്കുവേണ്ടിയും ശരത് പവാര്‍ രംഗത്തെത്തിയിരുന്നുവെന്നും റാഡിയ മൊഴി നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ഡി.ബി. റിയല്‍റ്റിയുമായോ അതിലെ ഉദ്യോഗസ്ഥരുമായോ തനിക്കൊരു ബന്ധവുമില്ലെന്ന് ശരത് പവാര്‍ പ്രതികരിച്ചു.