ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അനുവദിക്കാന്‍ നീരാറാഡിയ കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ളവരുമായി നടത്തിയ ഫോണ്‍സംഭാഷണം ചോര്‍ത്തിയ നടപടി അന്വേഷിക്കാന്‍ കേന്ദ്രം ഉത്തരവിട്ടു. രഹസ്യാന്വേഷണ വിഭാഗവും നികുതിവകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തുക.

അതിനിടെ സ്‌പെക്ട്രം ഇടപാടിലെ വിവാദ നായിക നീരാറാഡിയയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണ് റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയത്. അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമുള്ള ഈ രേഖ പരസ്യപ്പെടുത്തിയതിനെതിരെയാണ് ടാറ്റ രംഗത്തെത്തിയിരിക്കുന്നത്.

സ്‌പെക്ട്രം വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രി എ രാജ, എന്‍ ഡി ടി വിയിലെ ബര്‍ക്ക ദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസിലെ വീര്‍ സാംഗ്വി, രത്തന്‍ ടാറ്റ എന്നിവരുമായി നീര റാഡിയ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ചോര്‍ത്തിയത്.