Categories

പി.ശശിക്കെതിരെ പരാതി; അന്വേഷണം തുടങ്ങി

p sasiകണ്ണൂര്‍: സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ സ്ത്രീ പീഡനത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം സി. ഐക്ക് നല്‍കിയ പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും നീലേശ്വരം സി.ഐ സുമേഷ് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കും. എന്നാല്‍ അന്വേഷണ നടപടികളെക്കുറിച്ച് ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിയില്‍ പറയുന്ന യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പരാതിയെ കുറിച്ച് അന്വേഷിച്ച് കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശശിക്കെതിരെ കേസെടുക്കും. ക്രൈം വാരിക പത്രാധിപര്‍ ടി.പി. നന്ദകുമാറാണ് ശശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം സി.ഐ, കെ.പി. സുരേഷ്ബാബുവിന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രജിസ്‌ട്രേഡ് തപാലിലാണ് പരാതിയെത്തിയത്.

രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. നീലേശ്വരം സി. ഐക്ക് പുറമെ കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ്, കണ്ണൂര്‍ ടൗണ്‍ സി. ഐ എന്നിവര്‍ക്കും നന്ദകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട പാലായിയിലെ യോഗ-പ്രകൃതി ചികില്‍സാ കേന്ദ്രത്തിലെ ചികില്‍സക്കിടെ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് യുവജന നേതാവിന്റെ ഭാര്യ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിക്കും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയത്. ഇതിനു പുറമെ സി.പി. എം എം. എല്‍. എയും ശശിക്കെതിരെ പീഡനം ആരോപിച്ച് സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.