ലഖ്‌നൗ: മൂന്നു തവണ ആസിഡ് ആക്രമണത്തെ അതിജീവിച്ച കൂട്ടബലാത്സംഗത്തിനിരയായ യുവതിക്കെതിരെ നാലാം തവണയും ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ യുവതിക്ക് നേരെ സംശയം പ്രകടിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

‘ഇത് യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് മാത്രമേ പറയാനാവൂ’ എന്നാണ് യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ആക്രമണം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവൂ. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാന്‍ കഴിയും’ – ഇങ്ങനെയായിരുന്നു യോഗി ആദിത്യനാഥ് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്.


Dont Miss എത്ര നൈസായിട്ടാണ് ഈ സര്‍ക്കാര്‍ യു.ഡി.എഫിന്റെ നാറിയ മദ്യനയം മാറ്റിയെഴുതിയത്; പിണറായിക്കും ചാക്ക് രാധാകൃഷ്ണനും ചിയേഴ്‌സ്: അഡ്വ. ജയശങ്കര്‍


അതേസമയം യുവതിയെ സംശയ ദൃഷ്ടിയോടെ കാണുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിലായിരുന്നു സംഭവം. തുടര്‍ച്ചയായ ആസിഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുവതിക്കു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷമാണ് ഇത്തവണ വീണ്ടും ആക്രമണമുണ്ടായത്. ആസിഡ് വീണ് സാരമായി പരുക്കേറ്റ യുവതിയെ ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയിലായിരുന്നു സംഭവം. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി, വെള്ളമെടുക്കുന്നതിനായി താഴേക്ക് ഇറങ്ങിയപ്പോഴാണ് അജ്ഞാതന്‍ ആസിഡ് എറിഞ്ഞത്. ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയിരുന്ന സായുധ സംരക്ഷണത്തിനു പുറമെ പൊലീസ് കാവലും തുടരുമ്പോഴായിരുന്നു സംഭവം. യുവതി അബോധാവസ്ഥയിലാണെന്നും അക്രമികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ലക്‌നൗ എഡിജിപി അഭയ് കുമാര്‍ പ്രസാദ് അറിയിച്ചിരുന്നു.


Dont Miss ആക്രമിക്കപ്പെട്ട നടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ എഴുതിയ കത്ത് ‘അമ്മ’ മുക്കി; രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു


ഈ വര്‍ഷം മാര്‍ച്ചിലും യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ലഖ്‌നൗവില്‍ നിന്നും റായ്ബറേലിയിലെ വീട്ടിലേക്ക് മടങ്ങവേ യുവതിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തി. രണ്ട് പേര്‍ ചേര്‍ന്ന് ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിക്കുകയും ബലമായി ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. അന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു

2008ല്‍ റായ്ബറേലിയില്‍ വച്ചാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. പ്രതികളെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. കൂട്ടമാനഭംഗത്തിന് പിന്നാലെ 2011ലും 2013ലും യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായിരുന്നു.