എഡിറ്റര്‍
എഡിറ്റര്‍
പണം കായ്ക്കുന്ന മരങ്ങളില്ല; കടുത്ത സാമ്പത്തിക നടപടികള്‍ വേണ്ടി വരും: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Saturday 22nd September 2012 12:00am

ന്യൂദല്‍ഹി: ഡീസല്‍ വില വര്‍ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന സാമ്പത്തിക പരിഷ്‌കരാങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം വ്യാപിക്കുന്നതിനിടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്ന ന്യായീകരണവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

Ads By Google

രാജ്യത്ത് പണം കായ്ക്കുന്ന മരങ്ങളില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി  1991ല്‍ രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി മറക്കരുതെന്നും ഓര്‍മിപ്പിച്ചു. കടുത്ത നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാകുമെന്ന സ്ഥിതിയാണിപ്പോള്‍. 91ലെപ്പോലെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് ഒരവസരംകൂടി നല്‍കണമെന്ന സന്ദേശവും അദ്ദേഹം നല്‍കി. രാജ്യത്തെ സാധാരണജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകകയായിരുന്നു പ്രധാനമന്ത്രി. യു.പി.എ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് മന്‍മോഹന്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.

ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപത്തെച്ചൊല്ലി ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം ചെറുകിടക്കാര്‍ക്ക് ദോഷമാവില്ല. ചെറുതും വലുതുമായ എല്ലാറ്റിനും വളരാനുള്ള സ്ഥലം രാജ്യത്തുണ്ട്.  ഈ തീരുമാനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഇത് നടപ്പാക്കിയാല്‍ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഒരിടത്ത് നടപ്പാക്കുന്നത് തടയാന്‍ മറ്റൊരു സംസ്ഥാനം ശ്രമിക്കരുത്. കൂടുതല്‍ തൊഴിലവസരം ലഭിക്കുന്ന നടപടിയാണിത്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂട്ടുന്നതിനുള്ള നടപടികള്‍ക്ക് എല്ലാവരുടെയും സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ആവശ്യമുള്ള 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്നതാണ്. കഴിഞ്ഞ നാലുകൊല്ലത്തിനുള്ളില്‍ അന്താരാഷ്ട്ര കമ്പോളങ്ങളില്‍ വില ക്രമാതീതമായി കൂടി. ആ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെമേല്‍ കെട്ടിവെച്ചില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയില്ലെങ്കില്‍ സബ്‌സിഡി രണ്ടുലക്ഷം കോടിയായി ഉയരുമായിരുന്നു. ഇതിനുള്ള പണം എവിടെനിന്നാണ് വരുന്നത്. പണം മരത്തില്‍ കായ്ക്കില്ല. നടപടി എടുത്തില്ലെങ്കില്‍ ധനക്കമ്മി കൂടും. സര്‍ക്കാറിന്റെ വരുമാനവും ചിലവും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്. അവശ്യസാധനങ്ങളുടെ വില കൂടും. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ മടിക്കും. പലിശനിരക്ക് കൂടും. കമ്പനികള്‍ക്ക് വിദേശത്തുനിന്ന് വായ്പലഭിക്കില്ല. തൊഴിലില്ലായ്മ കൂടുംപ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

‘1991ലും സ്ഥിതി ഇതായിരുന്നു. ചെറിയ തുകപോലും വായ്പ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. കടുത്ത നടപടികളിലൂടെയാണ് നമ്മള്‍ അത് മറികടന്നത്. അതിന്റെ ഗുണങ്ങള്‍ ഇന്ന് കാണുന്നുണ്ട്. അത്തരമൊരു സ്ഥിതി ഇപ്പോള്‍ ഇല്ലെങ്കിലും അത് മുന്നില്‍ കണ്ട് വേണം നടപടികളെടുക്കാന്‍. 1991ലെ സ്ഥിതി ഞാന്‍ മറന്നിട്ടില്ല. അത് തടയുന്നതിന് നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാനൊരു പരാജയമാകും.’മന്‍മോഹന്‍ പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണെന്നും ഇന്ത്യ അത്തരമൊരു സ്ഥിതിയിലേക്ക് പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഡീസലിന് 17 രൂപ കൂട്ടുന്നതിനുപകരം അഞ്ചുരൂപമാത്രമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ വലിയ കാറുകളും മറ്റും ഡീസലാണ് ഉപയോഗിക്കുന്നത്. അവയുടെ ഉടമസ്ഥര്‍ പണക്കാരും വ്യവസായികളും ഫാക്ടറി ഉടമകളുമാണ്. അവരെ നിലനിര്‍ത്താന്‍ സബ്‌സിഡി നല്‍കണോയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ പകുതിയോളം ജനങ്ങള്‍ വര്‍ഷത്തില്‍ ആറ് പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. സബ്‌സിഡി സിലിണ്ടര്‍ പരിമിതപ്പെടുത്താനുള്ള തീരുമാനം അവരെ ബാധിക്കില്ല. പാവപ്പെട്ടവര്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില കൂട്ടിയിട്ടില്ലെന്ന കാര്യം മറക്കരുത്. അയല്‍രാജ്യങ്ങളിലെല്ലാംതന്നെ എണ്ണവില ഇന്ത്യയിലേതിനെക്കാള്‍ കൂടുതലാണെന്നും മന്‍മോഹന്‍ പറഞ്ഞു.

 

Advertisement