വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് വ്യക്തമാകാന്‍ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയെ ചോദ്യം ചെയ്താല്‍ മതിയെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ.

Ads By Google

സത്യം പറയുന്ന അപൂര്‍വ്വം സി.പി.എം നേതാക്കളില്‍ ഒരാളാണ് മണി. ഒഞ്ചിയത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രസംഗമാണ് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയത്.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് അക്രമത്തിന് ആഹ്വാനം നല്‍കുന്നതായിരുന്നു പ്രസംഗം. ഈ വിഷയം അധികൃതര്‍ ഗൗരവമായി കാണണമെന്നും രമ ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധിക്കേണ്ടിവരുമെന്നും ഒഞ്ചിയത്ത് നടന്നത് അത്തരത്തിലുള്ള സംഭവങ്ങളാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മണിയുടെ പ്രസ്താവന.

ഓര്‍ക്കാട്ടേരിയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച ഞേറലാട്ട് അനന്തന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ പരാമര്‍ശം.

‘പ്രസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അടി കൊണ്ട് മടുക്കുമ്പോള്‍ തിരിച്ചടിക്കേണ്ടത് അനിവാര്യമാണ്… അത് ഇവിടെയും ചെയ്തു… അത് തികച്ചും ശരിയാണ്…’ ഇങ്ങോട്ടു വന്ന് ഗുണ്ടായിസം കളിച്ചാല്‍ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മണി പറഞ്ഞു.