കേരളത്തില്‍ കൂടുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഉണ്ടാകണമെന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഇതിനായി സര്‍ക്കാരും മറ്റ് ഏജന്‍സികളും മുന്‍കൈയ്യെടുക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അങ്കമാലിയില്‍ കാര്‍ണിവല്‍ സിനിമാസ് മള്‍ട്ടിപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലും വിദേശത്തും മലയാള സിനിമയ്ക്ക് കൂടുതല്‍ മതിപ്പുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വരുന്ന ചിങ്ങം ഒന്നിനുള്ളില്‍ കേരളത്തില്‍ ചുരുങ്ങിയത് 20 പുതിയ തിയേറ്ററുകള്‍ തുറക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ ചടങ്ങില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ നവീകരിക്കും. രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവില്‍ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ജോസ് തെറ്റയില്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്. നടന്‍ ഇന്നസെന്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.