തൃശ്ശൂര്‍: ഇടതുമുന്നണി വിപുലീകരിക്കണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്. എല്‍.ഡി.എഫില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനമെടുക്കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്നണി വിപുലീകരണത്തില്‍ സി.പി.ഐ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ലെന്നും പരാമര്‍ശമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കാന്‍ സി.പി.ഐ.എം ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം.

മാണി വിഭാഗത്തെ മുന്നണിയിലെടുക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐയും മുതിര്‍ന്ന സി.പി.ഐ.എം നേതാവായ വി.എസ് അച്യുതാനന്ദന്റെയും നിലപാട് ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാവും.

അതേസമയം പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസില്‍ വിവിധ രാഷ്ട്രീയ താല്പര്യങ്ങള്‍ ഉളളവര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇവരുടെ ഇടപെടലുകള്‍ സര്‍ക്കാരിന് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഇടതുസര്‍ക്കാരിന്റെ പൊലീസില്‍ അവിശ്വാസം പ്രകടിപ്പിച്ചും പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെന്ന് വ്യക്തമാക്കിയുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പൊലീസിന് നല്‍കുന്ന പൂര്‍ണസ്വാതന്ത്ര്യം അവര്‍ ദുരുപയോഗപ്പെടുത്തുന്നോ എന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു.