കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ പൂര്‍വസ്ഥിതിയിലായി. റണ്‍വേയില്‍ നിന്നു തെന്നിമാറി സമീപത്തെ ചതുപ്പില്‍ മൂക്കുകുത്തിയ ഗള്‍ഫ് എയര്‍ വിമാനം രാവിലെ ആറു മണിയോടെ ഹാങ്ങറിനടുത്തുള്ള പാര്‍ക്കിങ് ബേയിലേയ്ക്കു മാറ്റി. ഇന്നലെ മുടങ്ങിയ സര്‍വീസുകള്‍ക്കു പകരമായി പ്രത്യേക സര്‍വീസുകള്‍ പുന:ക്രമീകരിച്ചു.

ഇന്നലെ മുടങ്ങിയ കൊച്ചിഷാര്‍ജ വിമാനം രാവിലെ 11 മണിക്കു പുറപ്പെടും. ഇന്നത്തെ കൊച്ചി- ഷാര്‍ജ വിമാനം വൈകിട്ട് 3.15നു സര്‍വീസ് നടത്തും. ഇന്നത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ നിശ്ചിത സമയത്തു സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ഇന്നു രണ്ടുസര്‍വ്വീസുകള്‍ വീതം നടത്തും.

ഇന്നലെ പുലര്‍ച്ചയ്ക്ക് 3.50-നായിരുന്നു വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. മുംബൈയില്‍ നിന്നെത്തിച്ച പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വിമാനം വലിച്ചുമാറ്റിയത്. നിരവധി ക്രെയിനുകളും ഇതിനായി ഉപയോഗിച്ചു.

എയര്‍ബസ് 320 ഇനത്തില്‍പ്പെട്ട ജിഎഫ് 270 ബഹ്‌റൈന്‍-കൊച്ചി വിമാനമാണ് തലനാരിഴയ്ക്കു വന്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തിയായ കാറ്റിലും മഴയിലും പൈലറ്റിന് മുന്നിലുള്ള കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഒരു കുട്ടി ഉള്‍പ്പെടെ 137 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്.