Categories

നെടുമ്പാശേരിയില്‍ ഒരേ ദിവസം രണ്ടാം തവണയും സ്വര്‍ണവേട്ട

gold

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വീണ്ടും സ്വര്‍ണ വേട്ട. ഇന്ന് മാത്രം അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ശ്രീലങ്കന്‍ സ്വദേശികളില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചത്.

ഇതിന് വിപണിയില്‍ മൂന്ന് കോടിയിലേറെ വില വരും. രണ്ട് വിമാനങ്ങളിലായി വന്ന യാത്രക്കാരെ ഉപയോഗിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

രാവിലെ 8.50-ന് എത്തിയ കൊളംബോ-കൊച്ചി വിമാനത്തില്‍ നിന്നാണ് ഇന്ന് ആദ്യം സ്വര്‍ണം പിടിച്ചത്. 42 പേരില്‍ നിന്നായി 10 കിലോ സ്വര്‍ണമാണ് പിടിച്ചത്. പണി പൂര്‍ത്തിയാകാത്ത ആഭരണങ്ങളുടെ രൂപത്തിലാണ് ഇത് കടത്താന്‍ ശ്രമിച്ചത്.

ഉച്ച തിരിഞ്ഞ് എത്തിയ മറ്റൊരു കൊളംബോ-കൊച്ചി വിമാനത്തിലായിരുന്നു അടുത്ത കള്ളക്കടത്ത്. 1.7 കിലോ സ്വര്‍ണമാണ് പിടിച്ചത്.

വിദേശ യാത്രക്കാരെ സ്വര്‍ണക്കടത്തിനായി ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.

40 അംഗ സംഘത്തെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. 24 പുരുഷന്‍മാരും 16 സ്ത്രീകളുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. സന്ദര്‍ശക വിസയില്‍ എത്തിയവരാണിവര്‍.
തിങ്കളാഴ്ച്ച തിരിച്ചു പോകാനുള്ള സന്ദര്‍ശക വിസയായിരുന്നു യാത്രക്കാരുടെ കൈവശമുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഷഹബാസ് സ്വര്‍ണക്കടത്തിന് പിന്നില്‍ ഭരണകക്ഷിയില്‍ പെട്ട നേതാവിനും പങ്കുള്ളതായി മൊഴി നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തിന് പിന്നിലെ സാമ്പത്തികസ്രോതസ് കോഴിക്കോട് കൊടുവള്ളിയിലെ ഭരണകക്ഷിയില്‍ പെട്ട നേതാവാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന് (ഡി.ആര്‍.ഐ) നല്‍കിയ മൊഴിയില്‍  വ്യക്തമാക്കിയിരിക്കുന്നത്.