കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഇലക്ട്രിക് സാധനങ്ങള്‍ രേഖകളില്ലാതെ കടത്തിയതുമായി ബന്ധപ്പെട്ട് നാലുപേര്‍കൂടി അറസ്റ്റിലായി. കൊച്ചി സ്വദേശി പ്രിന്‍സ്, ചെന്നൈ സ്വദേശികളായ മുരുകന്‍,അബ്ദുള്‍ഗനി, ഇബ്രാഹിം എന്നിവരെയാണ് ഡി ആര്‍ ഐ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ ക്ലിയറിംഗ് ഏജന്റാണ് അറസ്റ്റിലായ പ്രിന്‍സ്.

സിംഗപ്പൂരില്‍ നിന്നും എത്തുന്ന സാധനങ്ങള്‍ റോഡ്മാര്‍ഗം ചെന്നൈയില്‍ എത്തിച്ചിരുന്നവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കള്ളക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളടക്കം അഞ്ചുപേരെയാണ് അറസ്റ്റുചെയ്തത്.

വിമാനത്താവളത്തിലൂടെ നികുതിവെട്ടിച്ച് ഒന്നേകാല്‍ കോടിയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്.