തിരുവന്തപുരം: മലയാള ഭാഷയ്ക്കു വൈകാതെ തന്നെ ക്ലാസിക് പദവി ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ അധികം വൈകാതെ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.പുതുശേരി രാമചന്ദ്രന്റെ ശതാഭിഷേകത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസിക് പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്ഥാനത്തിന്റെ ഫയലില്‍ ചില പോരായ്മകള്‍ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ പുതുശേരിയാണു തിരുത്തിയത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മലയാളഭാഷക്കു ക്ലാസിക് പദവി ലഭിക്കുക. മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു.

Subscribe Us:

ഡോ.കെ. ഓമനക്കുട്ടി, ഡോ.എം.ആര്‍. തമ്പാന്‍, ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, മേയര്‍ കെ.ചന്ദ്രിക, പി.ഗോവിന്ദപിള്ള, ജസ്റ്റിസ് ഡി. ശ്രീദേവി, ഡോ. ജെ. അലക്‌സാണ്ടര്‍, എം.എല്‍.എമാരായ എം.എ ബേബി, സി.ദിവാകരന്‍, സാഹിത്യകാരന്‍ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ്മ, കൗണ്‍സിലര്‍ ജി. സുരേഷ്‌കുമാര്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. സി.ആര്‍ പ്രസാദ്, ഡോ. വിളക്കുടി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.