ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tech
റെയില്‍വേ പരാതി പരിഹാരവും സ്മാര്‍ട്ടാവുന്നു; ഇനി എല്ലാ പരാതികളും ഇനി ഒറ്റ ആപ്പിലൂടെ നല്‍കാം
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 1:29pm

പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. MADAD (മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസൈറഡ് അസിസ്റ്റന്‍സ് ഡ്യൂറിംഗ് ട്രാവല്‍) എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ്പ്. ഈ മാസം അവസാനത്തോടെ ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് പരാതി നല്‍കാനാവും. റെയില്‍വേയുടെ ഭക്ഷണത്തെക്കുറിച്ചും, ശുചിമുറിയുടെ വൃത്തിയെക്കുറിച്ചും പരാതിപ്പെടാമെന്നതിനൊപ്പം അടിയന്തര സേവനങ്ങള്‍ ആവശ്യപ്പെടാനും ആപ്പ് ഉപയോഗിക്കാം.

ആപ്പിലൂടെ നല്‍കുന്ന പരാതികള്‍ അതത് വകുപ്പുകളില്‍ നേരിട്ട് ചെന്നെത്തും. ഇതോടെ പരാതിയില്‍ പെട്ടെന്ന് ഇടപെട്ട് പരിഹാരമുണ്ടാക്കാനാവും. പരാതിക്കാര്‍ക്ക് അവരുടെ പരാതിയുടെ സ്ഥിതിവിവരങ്ങള്‍ യഥാസമയം അറിയാനും സൗകര്യമുണ്ട്.


Read | എന്തൊരു പദസമ്പത്ത്; നാലാള് കാണട്ടെ: ഇന്‍സ്റ്റഗ്രാമില്‍ തന്നെ അസഭ്യം പറഞ്ഞ യുവാവിന്റെ തൊലിയുരിഞ്ഞ് നടി പാര്‍വതി


റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതി പരിഹാസ സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന സംവിധാനമായിരിക്കും പുതിയ ആപ്പ്.

‘ യാത്രക്കാര്‍ക്ക് പരാതി നല്‍കാനായി ഇപ്പോള്‍ 14 ചാനലുകളാണുള്ളത്. ഓരോന്നിനും അതിന്റേതായ പ്രതികരണ സമയവുമുണ്ട്. ചിലത് സജീവമാണ്. ചിലത് നിര്‍ജീവവും. ഇതൊക്കെ ഒന്നിച്ച് ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് പദ്ധതി. ഈ മാസം സംവിധാനം ലഭ്യമാവും.’ – ഒരു ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Read | ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടും; സമരം അവസാനിപ്പിച്ച ശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ


പി.എന്‍.ആര്‍ നമ്പര്‍ നല്‍കി പരാതി നല്‍കിക്കഴിഞ്ഞാല്‍ പരാതിയുടെ നമ്പര്‍ ആപ്പിലും എസ്.എം.എസ് ആയും ലഭിക്കും. പരാതി ബന്ധപ്പെട്ട വകുപ്പിന് ഉടന്‍ തന്നെ കൈമാറുകയും ചെയ്യും. എല്ലാ മാസവും ഓരോ വകുപ്പിലുമായി ലഭിച്ച പരാതികള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന സംവിധാനവും ആപ്പിലുണ്ട്. മികച്ച റേറ്റിംഗ് കിട്ടുന്ന അഞ്ച് സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും പേരും മോശം റേറ്റിംഗ് കിട്ടുന്ന അഞ്ച് സ്‌റ്റേഷനുകളുടെയും ട്രൈയിനുകളുടെയും പേരുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും.

Advertisement