എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്: വിന്‍ഡീസ് പതറുന്നു
എഡിറ്റര്‍
Friday 15th November 2013 6:54pm

SACHIN777

മുംബൈ: ഇന്ത്യയുടെ ബാറ്റിംഗ് ജീനിയസ് വിജയത്തോടെ ടെസ്റ്റ് ക്രിക്കററില്‍ നിന്നും വിടവാങ്ങിയേക്കും. സച്ചിന്റെ വിടവാങ്ങള്‍ മത്സത്തില്‍ രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ വീണ്ടുമൊരു ഇന്നിംഗ്‌സ് ജയമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് വിന്‍ഡീസ് പതറുകയാണ്.

ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 495 നെതിരെ രണ്ടാമിന്നിംഗാസാരംഭിച്ച  വിന്‍ഡീസിന് , 43 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞു.

ഇന്നിംഗ്‌സ പരാജയം ഒഴിവാക്കാന്‍ ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇനിയും 271 റണ്‍സ് വേണം. മൂന്ന് ദിവസമവശേഷിക്കെ പരാജയമൊഴിവാക്കാന്‍ വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ നിന്നും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ വിജയം സുനിശ്ചയം.

തുടര്‍ച്ചയായ രണ്ടാമിന്നിംഗ്‌സിലും സെഞ്ചുറിയുമായി രോഹിത് ശര്‍മയും (111*)ടെസ്റ്റിലെ അഞ്ചാം സെഞ്ചുറി കണ്ടെത്തിയ പൂജാരയുടെയും(113) മികവാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

117 പന്തില്‍ 10 ഫോറുകളും മൂന്ന് സിക്‌സറുകളും പറത്തിയാണ് രോഹിത് തന്റെ രണ്ടാം സെഞ്ചുറി കണ്ടെത്തിയത്. 146 പന്തില്‍ 11 ഫോറോടെയായിരുന്നു പൂജാരയുടെ സെഞ്ചുറി.

രണ്ടിന് 157 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് വിടവാങ്ങള്‍ മത്സരത്തിനിറങ്ങിയ സച്ചിന്റെ (74) വിക്കറ്റായിരുന്നു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ശതകത്തിലേക്കു കുതിക്കവേയായിരുന്നു പതിനായിരങ്ങളെ നിരാശരാക്കി സച്ചിന്‍ പുറത്തായത്.

ഡിയോനരേയ്‌ന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ സമിക്ക് പിടികൊടുത്താണ് സച്ചിന്‍ പുറത്തായത്. മൂവരെയും കൂടാതെ കോഹ് ലിയും(57) അശ്വിനുമാണ് (30)ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റ് രണ്ട് പേര്‍.

ആദ്യ ടെസ്റ്റിലെ പോലെ അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച ഷില്ലിംഗ് ഫോര്‍ഡായിരുന്നു വിന്‍ഡീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്.നരെയ്ന്‍ രണ്ടും ബെസ്റ്റും ഗബ്രിയേലും ഓരോ വിക്കറ്റുകളും നേടി.

Advertisement