കാസര്‍കോഡ്: കാസര്‍കോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ച നിസാര്‍ കമ്മീഷന് ലഭിച്ച മൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള ദുരൂഹതയേറുന്നു. 2009 നവംബര്‍ 15ന് കാസര്‍കോഡ് തടിച്ചുകൂടിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരിലെ ഒരു സംഘമാണ് ആക്രമണത്തിന് ആദ്യം നേതൃത്വം നല്‍കിയതെന്ന് എസ്.പി രാംദാസ് പോത്തന്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

പ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ചിലരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും അതില്‍ ഏതെങ്കിലും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് ഇന്നലെ വാര്‍ത്ത പുറത്ത് വന്ന ശേഷം മന്ത്രി എം.കെ മുനീര്‍ പ്രതികരിച്ചത്. സംഘര്‍ഷത്തില്‍ ചില ബാഹ്യ ഇടപെടലുണ്ടായിരുന്നതായി ലീഗ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നതിന്റെ തെളിവാണിത്.

സംഘര്‍ഷമുണ്ടായി രണ്ടു ദിവസത്തിനുശേഷം കാസര്‍കോട് എത്തിയ ഡോ. എം കെ മുനീറും യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഷാജിയുമാണ് ഇതേ ആരോപണമാണ് ഉന്നയിച്ചിരുന്നത്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകടനത്തില്‍ എന്‍.ഡി.എഫുകാര്‍ നുഴഞ്ഞു കയറിയാണ് കുഴപ്പം ഉണ്ടാക്കിയതെന്നു നേതാക്കള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ ആവശ്യം നവംബര്‍ 19 ന് ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതിയിലും മുനീര്‍ ഉന്നയിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി അതിനെ അവഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തില്‍ ചെറുസംഘങ്ങളുടെ അക്രമം നടക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടി മൈക്കിലൂടെ ‘നമ്മുടെ പ്രകടനത്തെ ആക്രമിക്കുകയാണെ’ന്ന് വിളിച്ചു പറഞ്ഞുവെന്നും ഈ സമയം ലീഗിന്റെ സംസ്ഥാനത്തെ എല്ലാ നേതാക്കളും സ്‌റ്റേജില്‍ ഉണ്ടായിരുന്നുവെങ്കിലും അണികളെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചില്ലെന്നും പൊലീസ് കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ അടുത്തദിവസം ഇറങ്ങിയ പത്രിത്തിലുണ്ടായിരുന്നു. ഈ പത്രത്തിന്റെ കോപ്പിയും കമീഷന് മുമ്പാകെ തെളിവായി ലഭിച്ചിട്ടുണ്ട്.

വാര്‍ത്താലേഖകരെ വിളിച്ച് വിവരങ്ങള്‍ ആരായാന്‍ കമീഷന്‍ തീരുമാനിച്ചിരുന്നു. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയെയും കമീഷന്‍ വിളിപ്പിക്കുമെന്നുറപ്പായിരുന്നു. കമീഷന് കിട്ടിയ എല്ലാതെളിവുകളും എതിരാണെന്ന് മനസിലാക്കിയാണ് ലീഗ് നേതൃത്വം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കമീഷനെ പിരിച്ചുവിട്ടത്.

പോത്തന്റെ മൊഴിയുടെ പൂര്‍ണ്ണരൂപം, കലാപ ദൃശ്യങ്ങള്‍