എഡിറ്റര്‍
എഡിറ്റര്‍
കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാമതെന്നും ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചിയെന്നും എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 24th June 2012 12:49pm

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്. രാജ്യത്തെ ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചിയാണെന്നും എന്‍.സി.ആര്‍.ബി പറയുന്നു.

2010 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യാനുപാതികമായാണ് കുറ്റ കൃത്യങ്ങള്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കണക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ വാര്‍ഷിക ശരാശരി 187.6 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 424.1 ആണ്.

2009ലെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ 2010 ല്‍ കൊച്ചിയിലെ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറാ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധനയാണ് കൊച്ചിയില്‍ ഉണ്ടായിട്ടുള്ളത്.

കുറ്റകൃത്യങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനം മധ്യപ്രദേശാണ്. കേരളത്തേക്കാള്‍ വളരെ പിന്നിലാണ് മധ്യപ്രദേശ്. 297.2 ആണ് മധ്യപ്രദേശിന്റെ ശരാശരി. 279.8 ശരാശരിയോടെ ദല്‍ഹി മൂന്നാം സ്ഥാനത്തുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത് 87.5 മാത്രമാണ്.

കലാപങ്ങളുടെയും തീവെപ്പുകളുടെയും എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍. ഇന്ത്യയുടെ ആകെ ശരാശരി 6.4 ആണെങ്കില്‍ കേരളത്തിന്റേത് 26 ആണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും കേരളം മുന്നിലാണ്. കേരളത്തിന്റെ ശരാശരി 27 ഉം ദല്‍ഹിയുടെത് 24 .6 ഉം ആണ്. സ്ത്രീകളോടുള്ള നല്ല സമീപനത്തില്‍ ബീഹാര്‍ ആണ് മികച്ച് നില്‍ക്കുന്നത്.

Advertisement