എഡിറ്റര്‍
എഡിറ്റര്‍
വയലില്‍ കടന്ന് വിള നശിപ്പിച്ചെന്നാരോപിച്ച് മൂരിക്ക് നേരെ ആസിഡ് ആക്രമണം; ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
എഡിറ്റര്‍
Tuesday 2nd May 2017 10:01am

ഭോപ്പാനി: വയലില്‍ കടന്ന് വിള നശിപ്പിച്ചെന്നാരോപിച്ച് മൂരിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ഭോപ്പാനി ഗ്രാമത്തിലാണ് സംഭവം.

ഒരുകൂട്ടം കര്‍ഷകരാണ് മൂരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്നാണ് അറിയുന്നത്. തങ്ങളുടെ വയലില്‍ കടക്കുകയും വിളയെല്ലാം നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

ആന്തരികാവയങ്ങളില്‍ ഉള്‍പ്പെടെ മൂരിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിലെ തൊലികരിഞ്ഞുപോയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മൂരിയ്ക്ക് നേരെയുള്ള ആക്രമണത്തിനെതിരെ എന്‍.ജി.ഒ സംഘങ്ങളൊഴികെ ആരും രംഗത്തെത്തിയിട്ടില്ല. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സംഗതി വിവാദമായതോടെ എന്‍.ജി.ഒയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തെരുവില്‍ അലയുന്ന മൂരിക്ക് നേരെ ആക്രമണം നടന്നത്. റോഡിന് വശം ചേര്‍ന്ന് പുല്ലു തിന്നുകയായിരുന്ന മൂരിയുടെ പിന്നിലൂടെ എത്തിയ ആളുകള്‍ ആസിഡ് ഒഴിക്കുകയായിരുന്നെന്നാണ് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറഞ്ഞത്.

ഗുരുതരമായി പൊള്ളലേറ്റ് റോഡരികില്‍ വീണുകിടന്ന മൂരിയ്ക്ക് ചികിത്സ നല്‍കാന്‍ ആരും തയ്യാറായില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ എന്‍.ജി.ഒ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. ആംബുലന്‍സുമായെത്തിയ എന്‍.ജി.ഒ വിഭാഗം മൂരിയെ മൃഗാശുപത്രിയിലെത്തിച്ചു.

ശംഭു എന്നാണ് എന്‍.ജി.ഒ മൂരിക്കുട്ടന് ഇട്ട പേര്. ആസിഡാക്രമണത്തിലുണ്ടായ പരുക്ക് ഗുരുതരമായിരുന്നുവെന്ന് ശംഭുവിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്കും പിന്‍ കാലുകളിലൊന്നിനും പൊള്ളലേറ്റു. ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടെങ്കിലും മുറിവുകള്‍ ഉണങ്ങി വരുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

അതേസമയം കാളകള്‍ക്കെതിരായ ആക്രമണം ഇവിടെ ആദ്യത്തേതല്ലെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ആറോളം മൂരികള്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്ന് ഗ്രാമവാസികളില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

Advertisement