Categories

ഗുജറാത്ത് കലാപം മറക്കേണ്ട കാലമായെന്ന് എന്‍.സി.പി: കാലുമാറ്റം ഭയന്ന് കോണ്‍ഗ്രസ്

ncp

ന്യൂദല്‍ഹി: ഗുജറാത്ത് കലാപം മറന്നു കളയേണ്ട കാലമായെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ സഖ്യ കക്ഷികള്‍ കാലു മാറുമോയെന്ന് ഭയക്കുന്ന കോണ്‍ഗ്രസിന് എന്‍.സി.പിയുടെ ഈ അഭിപ്രായ പ്രകടനം കനത്ത ക്ഷീണമായിരിക്കുകയാണ്.

നരേന്ദ്ര മോഡിയെ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന തീരുമാനം ജനങ്ങളുടെ കയ്യിലായിരുന്നു ഉണ്ടായിരുന്നതെന്ന് ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഫറൂഖ് അബ്ദുള്ള നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ ഒമര്‍ അബ്ദുള്ള അറിയിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപം മറക്കേണ്ട കാലമായിരിക്കുന്നുവെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണ് അഭിപ്രായപ്പെട്ടത്.

നീതിന്യായ വ്യവസ്ഥയുടെ കണ്ടെത്തലുകള്‍ അന്തിമമാണെന്നാണ് താന്‍ കരുതുന്നതെന്നും കോടതി വിധി പറഞ്ഞവസാനിപ്പിച്ച ഒന്നിനേയും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് താന്‍ തരുതുന്നതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

മൂന്നാം മുന്നണിയിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള എന്‍.സി.പിയുടെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വ്യക്തമായ ഇടവുമുണ്ട്.

അഴിമതിക്കറയില്‍ ലോക്‌സഭാ പോരാട്ടം ഒരു വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സഖ്യ കക്ഷികളില്‍ നിന്നുള്ള ഇത്തരം പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്കെടുക്കുന്നുണ്ടെന്നാണ് സൂചന.

Tagged with: | |