കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ബുക് ട്രസ്റ്റിന്റെ കേരളാ ഓഫീസിലും കാവിവല്‍ക്കരണം നടക്കുന്നതായി ആരോപണം. സംഘപരിവാര്‍ അനുകൂലികളെ തിരുകികയറ്റുന്നതിന്റെ ഭാഗമായി എറണാകുളത്തെ ഓഫീസില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ ജീവനക്കാരിയെ പുറത്താക്കിയതായി പരാതി.


Also Read: ഞങ്ങള്‍ക്ക് പഠിക്കാന്‍ പുസ്തകവും യൂണിഫോമും നല്‍കിയ നിങ്ങളെ കാണാന്‍ ആഗ്രഹമുണ്ട്; മുഖ്യമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍


എന്‍.ബി.ടിയുടെ എറണാകുളം ഓഫീസില്‍ ജോലിചെയ്യുന്ന ലാലിയെയാണ് സ്ത്രീയായതിന്റെ പേരില്‍ ജോലിയില്‍ നിന്നു പുറത്താക്കിയത്. ‘ഒരു ബുക്ക് ഷോപ്പില്‍ സ്ത്രീകളെക്കാളേറേ പുരൂഷന്മാരെയാണാവശ്യം. പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ പറ്റു തന്നെയുമല്ല നിങ്ങള്‍ക്ക് രാത്രി വൈകി ഇവിടെ നില്‍ക്കാനാവില്ലല്ലോ. ചിലപ്പോളതൊക്കെ വേണ്ടി വരും. അതു കൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു ജോലി തേടി പ്പിടിക്കാവുന്നതേയുള്ളു.’എന്നു പറഞ്ഞ് മാനേജര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നെന്ന് ലാലി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജോലിക്കിടയില്‍ ഓഫീസിലേക്ക് വിളിച്ച് മാനേജര്‍ ഇക്കാര്യം അറിയിക്കുകയാണുണ്ടായത്. മുന്‍കൂറായി നോട്ടീസോ മറ്റു അറിയിപ്പുകളോ നല്‍കിയിരുന്നില്ലെന്നും അവര്‍ പറയുന്നു. തന്നെ പുറത്താക്കിയശേഷം പുസ്‌കരംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത രണ്ടുപേരെ അവിടെ നിയമിക്കുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു

‘കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, ഭരണകൂടത്തിന്റെ എല്ലാ മെഷീനറികളുടെയും സംഘിവല്‍ക്കരണം അജണ്ടയാക്കിയവര്‍ യാതൊരു വിധ തത്വദീക്ഷയൂമില്ലാതെ രണ്ട് തൊഴിലാളികളെ ഒരു മണിക്കൂൂറത്തെ നോട്ടീസ് പോലും തരാതെ പുറത്താക്കി. ബി.ജെ.പിക്കാര്‍ക്ക് എന്ത് തൊഴിലാളികള്‍..? എന്ത് മാനവീകത ? എന്ത് തത്വദീക്ഷ..?’ അവര്‍ ചോദിക്കുന്നു.


Dont Miss:  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല; പ്രണയത്തെ കുറിച്ച് സൗബിന്‍


തങ്ങള്‍ക്ക് പകരം സംഘപരിവാര്‍ അനുകൂലികളെയാണ് നിയമിച്ചതെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. ‘പുസ്തക രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കയ്യില്‍ ചരടൊക്കെ കെട്ടിയ രണ്ട് പേരെ അവിടത്തെ ജീവനക്കാരായി നിയമിച്ചു. ഇനി വേണമെങ്കില്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കാം. ഭഗത് സിംഗിന്റെ why I am not an ethiest ഉള്‍പ്പെടെയുള്ള നിരവധി ബി.ജെ.പി രാഷ്ട്രീയത്തിനെതിരായ പുസ്തകങ്ങളെ മനപൂര്‍വ്വം തമസ്‌ക്കരിക്കാം. വേണമെങ്കില്‍ ആ സ്ഥാപനം തന്നെ അടച്ച് പൂട്ടാം. അല്ലെങ്കിലും സംഘികള്‍ക്കെന്ത് പുസ്തകങ്ങള്‍..? അവര്‍ മഹാഭാരതമെങ്കിലും ശരിക്ക് വായിച്ചിട്ടുണ്ടാകുമോ?’ ലാലി ചോദിക്കുന്നു.

മാനേജര്‍ ഫോണിലൂടെ ഇത് പറയുമ്പോള്‍ തന്റെ കണ്ണുനിറഞ്ഞിരുന്നെന്നും 20 ഉം 25 ഉം കിലോയൊക്കെയുള്ള പുസ്തകക്കെട്ടുകള്‍, എന്റെ പണിയല്ലാഞ്ഞിട്ട് പോലും സഹവര്‍ത്തിത്ത്വത്തിന്റെ പേരിലും സ്ത്രീയ്യെന്ന നിലയില്‍ ഒന്നിനും വേണ്ടി മാറ്റി നിറുത്തപ്പെടരുതെന്ന ഈഗോയുടെ പേരിലും താന്‍ എടുത്തിട്ടുണ്ടെന്നും പറയുന്ന ലാലി തന്റെ ജോലി ആവശ്യപ്പെട്ടാല്‍ രാത്രി വൈകിയും, ഞായറാഴ്ച പോലും ജോലിക്കെത്താന്‍ എനിക്ക് മടി തോന്നിയിട്ടില്ലെന്നും പറയുന്നു.

സ്ത്രീയായാലും പുരുഷനായാലും അത്രയും പോരേ ഒരു ജോലിക്കുള്ള യോഗ്യതകളെന്നും അവര്‍ ചോദിക്കുന്നു. ‘ഫാസിസം നമ്മളിലേക്ക് എങ്ങനെയൊക്കെ എത്താമെന്നതു പ്രവചിക്കാനാവില്ല. ഹിറ്റ്‌ലര്‍ നാസിപത്രമൊഴിച്ചുള്ളതെമെല്ലാം നിരോധിച്ചിരുന്നതു പോലെ സംഘിസം ഒരു പക്ഷേ പുസ്തകങ്ങളേയും നിരോധിക്കുന്ന കാലം വരും. കരുതിയിരിക്കുക..’ എന്നു പറഞ്ഞാണ് ലാലിയുടെ പോസ്റ്റ് അവസാനിക്കുന്നത്.