തൃശ്ശൂര്‍: ക്ലാസ്മുറിയിലെ നായ്ക്കുരണപ്പൊടി പ്രയോഗം വിദ്യാര്‍ഥികളെ വീണ്ടും വലച്ചു. കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 12 കുട്ടികളാണ് ചൊറിച്ചിലിനെത്തുടര്‍ന്ന് ചികിത്സ തേടിയത്.

Ads By Google

അതേസമയം അധ്യാപകസമരവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പ്രാഥമികാന്വേഷണത്തിനുശേഷം പോലീസ് പറഞ്ഞു. വ്യാഴാഴ്ച സ്‌കൂള്‍ സമയത്തിനുശേഷം വിദ്യാര്‍ഥികളില്‍ ചിലര്‍ സ്‌കൂളിന്റെ മതില്‍ ചാടിക്കടന്ന് പോകുന്നത് കണ്ടതായി പരിസരത്തെ ഓട്ടോ െ്രെഡവര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പഠനം നിര്‍ത്തിപ്പോയ ഒരു വിദ്യാര്‍ഥിയുടെ ടി.സി. ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രധാനാധ്യാപികയെ സമീപിച്ച ചില വിദ്യാര്‍ഥികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. ഇക്കാര്യം അന്വേഷിച്ചുവരികയാണ്.

ക്ലാസ്മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ സംഘമാണ് ഡസ്‌കുകളിലും ബെഞ്ചുകളിലും പൊടി വിതറിയതെന്നാണ് പോലീസിന്റെ നിഗമനം.

ക്ലാസ്മുറിയില്‍ കയറിയ വിദ്യാര്‍ഥികളുടെ കയ്യും മുഖവും ചൊറിഞ്ഞുതടിക്കുകയായിരുന്നു. അധ്യാപകര്‍ കുറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വിവരമറിയിച്ചു. ഡോക്ടറും സംഘവും വിദ്യാലയത്തിലെത്തിയാണ് ചികിത്സ നല്‍കിയത്.

ഗുരുവായൂര്‍ അസി. കമ്മീഷണര്‍ ജയരാജന്‍, പേരാമംഗലം സി.ഐ. രാജേഷ്, വിയ്യൂര്‍ എസ്.ഐ. വി.എ. ഡേവിസ് എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.