ഇനി ധൈര്യമായി നയന്‍സിന് ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഡയാനയെ ഉപേക്ഷിച്ച് ആചാരപ്രകാരം നയന്‍ താരയായല്ലോ. ഡയാനയായിരിക്കുമ്പോഴും നയന്‍സിന് ക്ഷേത്രത്തില്‍ പോകാനിഷ്ടമായിരുന്നു. പല ഹിന്ദുക്ഷേത്രങ്ങളിലും നടി ദര്‍ശനം നടത്തിയിട്ടുമുണ്ട്. എങ്കിലും ക്രിസ്റ്റുമതക്കാരിയായതിനാല്‍ രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ കയറുക എന്നത് നയന്‍സിന്റെ സ്വപ്‌നമായി അവശേഷിച്ചു. എന്നാല്‍ ആ സ്വപ്‌നം ഇനി യാഥാര്‍ത്ഥ്യമാകും.

പ്രഭുദേവയുമായുള്ള വിവാഹത്തിനു മുന്നോടിയായി ഹിന്ദുമതം സ്വീകരിച്ചതോടെ രാജ്യത്തെ പ്രമുഖഹിന്ദു ക്ഷേത്രങ്ങളുടെ വാതില്‍ നയന്‍താരക്കു മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ്. ആന്ധ്രയിലെ പ്രശസ്ത ശ്രീരാമക്ഷേത്രമായ ഭദ്രാചലമാണ് നടി ഹിന്ദുമതം സ്വീകരിച്ച ശേഷം ആദ്യമായി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ഹൈദരാബാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള ശ്രീരാമക്ഷേത്രമായ ഭദ്രാചലം. തെലുങ്ക് പുരാണചിത്രമായ ശ്രീരാമ രാജ്യത്തിന്റെ പൂജകളുമായി ബന്ധപ്പെട്ടാണ് നയന്‍സ് ക്ഷേത്രത്തിലെത്തുന്നത്. ചിത്രത്തിന്റൈ ഓഡിയോ റിലീസ് ആഗസ്റ്റ് 15ന് വൈകിട്ട് ഭദ്രാചലം ക്ഷേത്രത്തില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം തൊട്ടടുത്ത സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. പൂജകളിലും ഓഡിയോ ലോഞ്ചിങിലും പങ്കെടുക്കുന്നതിനായി നയന്‍താര, ബാലകൃഷ്ണ, ഇളയരാജ, നാഗേശ്വര റാവു തുടങ്ങിയവരെല്ലാം ഭദ്രാചലത്തില്‍ ഹെലികോപ്ടറിലെത്തും. പൂജകളില്‍ പങ്കെടുത്താണ് ഹിന്ദുവായി മാറിയ നയന്‍സിന്റെ ക്ഷേത്രപ്രവേശനം നടക്കുക.

ആഴ്ചകള്‍ക്ക് മുമ്പ് ഭാവിവരന്‍ പ്രഭുദേവയ്‌ക്കൊപ്പം നയന്‍സ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാല്‍ അന്യമതക്കാരിയായതിനാല്‍ നയന്‍സിന് ക്ഷേത്രത്തിനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹശേഷം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാനും നയന്‍സിന് പദ്ധതിയുണ്ടെന്നാണറിയുന്നത്.

ശ്രീരാമരാജ്യം നയന്‍താരയുടെ അവസാന ചിത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയാണ് രാമനാകുന്നത്. ശ്രീ രാമരാജ്യം റിലീസിനുശേഷം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനാണ് നയന്‍സിന്റെ തീരുമാനം. ഇതിനു മുന്നോടിയായി ദൈവാനുഗ്രഹം വാങ്ങുക എന്ന ഉദ്ദേശവും രാമക്ഷേത്രം സന്ദര്‍ശിക്കുന്നതിന് പിന്നിലുണ്ട്.